
പയ്യന്നൂർ : അഞ്ച് ദിവസമായി പയ്യന്നൂരിൽ നടന്നകണ്ണൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ 894 പോയിന്റുമായി കണ്ണൂർ നോർത്ത് ഉപജില്ല ജേതാക്കളായി. ആതിഥേയരായ പയ്യന്നൂർ 814 പോയിന്റുമായി രണ്ടാംസ്ഥാനത്താണ്. ഇരിട്ടി (805),മട്ടന്നൂർ( 802 ),പാനൂർ(801) ഉപജില്ലകളാണ് തൊട്ടുപിന്നിൽ.
സ്കൂളുകളിൽ 353 പോയിന്റുള്ള മൊകേരി രാജീവ് ഗാന്ധി എം.എച്ച്.എസ്.എസിനാണ് ഒന്നാം സ്ഥാനം.മമ്പറം എച്ച്.എസ്.എസ്.- തലശ്ശേരി നോർത്ത് 341 , എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ്. പെരളശ്ശേരി - 325 ,സെന്റ് തേരാസസ് എ.ഐ.എച്ച്.എസ്.എസ്. കണ്ണൂർ - 271 ,രാമവിലാസം എച്ച്.എസ്.എസ്. ചൊക്ലി - 232 സ്കൂളുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
സമാപന സമ്മേളനം നിയമസഭ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.ഐ.മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര പ്രത്യേക ജൂറി പുരസ്കാര ജേതാവ് കെ.സി കൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു. സർട്ടിഫിക്കറ്റ് വിതരണം അസി.കളക്ടർ സായി കൃഷ്ണയും ഉപഹാര സമർപ്പണം നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിതയും നിർവ്വഹിച്ചു. പാചക വിദഗ്ദ്ധൻ കെ.യു.ദാമോദരപൊതുവാളെ സ്പീക്കർ പൊന്നാടയണിയിച്ച് ആദരിച്ചു. കണ്ണൂർ ആർ.ഡി.ഡി.രാജേഷ് കുമാർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ യു.കെ.ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.ടി.ഐ.മധുസൂദനൻ എം.എൽ.എ. ചെയർമാനും നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത വൈസ് ചെയർമാനും കണ്ണൂർ ഡി.ഡി.ഇ, കെ.എൻ.ബാബു മഹേശ്വരി പ്രസാദ് ജനറൽ കൺവീനറുമായുള്ള സംഘാടക സമിതിയാണ് കലോത്സവ നടത്തിപ്പിന് നേതൃത്വം വഹിച്ചത്.
പരസ്പരസ്നേഹത്തോടെ മത്സരിക്കണം:സ്പീക്കർ
മത്സരങ്ങൾ പരസ്പരം സ്നേഹത്തോടെ കുട്ടികൾ തമ്മിലായിരിക്കണമെന്ന് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ. കലോത്സവ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കളും അദ്ധ്യാപകരും അതിൽ ഇടപെടുമ്പോഴാണ് അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. ഒരിക്കലും അത്തരത്തിലൊന്നിന് ഇട കൊടുക്കരുതെന്നും സ്പീക്കർ പറഞ്ഞു.