കാഞ്ഞങ്ങാട്: വടക്കോട്ടും തെക്കോട്ടും പോകുന്ന വന്ദേഭാരത് എക്സ്പ്രസിനു കണക്ഷൻ ട്രെയിൻ വേണമെന്ന ആവശ്യം ശക്തമാക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് റെയിൽവേ പാസഞ്ചേഴ്സ് സംഘടനകൾ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തുന്നു. പുലർച്ചെ 5.15 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വന്ദേഭാരത് 1.20 നാണ് കാസർകോടെത്തുന്നത്. വന്ദേഭാരതിന് തിരുവനന്തപുരത്തു നിന്നെത്തുന്ന യാത്രക്കാർക്ക് കണ്ണൂരിൽ നിന്ന് വടക്ക് ഭാഗത്തേക്കുള്ള സ്ഥലങ്ങളിലെത്താൻ ദീർഘനേരം കാത്തിരിക്കേണ്ടതുണ്ട്. ഇതിന് പകരമായി ഒരു മെമു ട്രെയിൻ ഓടിച്ചാൽ എല്ലാ സ്റ്റേഷനുകളിലും ഇറങ്ങാനുള്ളവർക്ക് അനുഗ്രഹമാകും. കാസർകോടിന് വടക്കോട്ട് പോകേണ്ടവർക്കും ഇത് ഗുണകരമാകും.

തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ഉച്ചതിരിഞ്ഞ് 2.30 നാണ് കാസർകോട് നിന്ന് പുറപ്പെടുന്നത്. രാത്രി 10.30 ന് തിരുവനന്തപുരത്തെത്തും. ഒരു മെമു ട്രെയിൻ ഇതിന് മുമ്പായി ഏർപ്പെടുത്തിയാൽ കാസർകോട് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ്സിൽ യാത്ര തിരിക്കുന്നവർക്കും 1.20 ന് കാസർകോട്ടെത്തുന്ന വന്ദേഭാരതിൽ കാസർകോട്ടിറങ്ങുന്നവർക്ക് വടക്കുഭാഗത്തേക്ക് പോകാനും ഒരേ പോലെ സൗകര്യപ്രദമായിരിക്കും. ഇന്റർസിറ്റിക്ക് ശേഷം വൈകുന്നേരം വരെ കാസർകോട് ഭാഗത്തേക്ക് പകൽ വണ്ടിയില്ലെന്ന കുറവ് നികത്താനും ഇതിലൂടെ കഴിയും. എം.പിയുൾപ്പെടെ മുഴുവൻ ജനപ്രതിനിധികളുടെയും സംഘടനകളുടെയും ഇടപെടൽ അനിവാര്യമാണെന്ന് കാഞ്ഞങ്ങാട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം ആവശ്യപ്പെട്ടു.