ഉദിനൂർ: കാസർകോട് റവന്യു ജില്ലാ സ്കൂൾ കലോത്സവം നാളെ മുതൽ 30 വരെ ഉദിനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.16 വർഷങ്ങൾക്ക് ശേഷം ഉദിനൂരിന്റെ മണ്ണിൽ എത്തിച്ചേരുന്ന കലോത്സവം ചരിത്രസംഭവമാക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
316 ഇനങ്ങളിലായി സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങളിൽ ആറായിരത്തോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ഇതിന് പുറമെ അപ്പീൽ ലഭിച്ചവരുമെത്തും. മംഗലംകളി, പണിയനൃത്തം, മലപുലയ ആട്ടം, പളിയ നൃത്തം, ഇരുള നൃത്തം തുടങ്ങിയ അഞ്ച് ഗോത്രകലകളും മത്സരയിനങ്ങളായി ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. 26, 27 തീയ്യതികളിൽ ഓഫ് സ്റ്റേജ് മത്സരങ്ങളും 28, 29, 30 തീയതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും.
കലോത്സവത്തിന്റെ ഉദ്ഘാടനം 28ന് വൈകുന്നേരം നാലിന് പ്രശസ്ത സിനിമാ താരവും സംവിധായകനുമായ മധുപാൽ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാർ മറ്റു ജനപ്രതിനിധികൾ സംബന്ധിക്കും. ലോഗോ രൂപ കല്പന ചെയ്ത വിനോദ് കടവത്തിനെ ആദരിക്കും. സമാപന സമ്മേളനം 30ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്യും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും. കലോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീർ പ്രകാശനം ചെയ്യും.
വിളംബര ഘോഷയാത്ര ഇന്നു വൈകുന്നേരം 4ന് നടക്കാവിൽ നിന്ന് ആരംഭിച്ച് സ്കൂളിൽ സമാപിക്കും. വിവിധ മേഖലയിലുള്ള സംരംഭകർ പങ്കെടുക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ ജില്ലാതല ഉത്പന്ന പ്രദർശന വിപണനമേളയും കലോത്സവ നഗരിയിൽ നടക്കും.
വാർത്ത സമ്മേളനത്തിൽ ചെയർമാൻ എം. രാജഗോപാലൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.ജെ സജിത്ത്, കൺവീനർ കെ.വി സത്യൻ മാടക്കാൽ, പ്രിൻസിപ്പാൾ പി.വി ലീന, ഹെഡ്മിസ്ട്രസ് കെ. സുബൈദ, പി.ടി.എ പ്രസിഡന്റ് വി.വി സുരേശൻ, എം. സുമേഷ്, റാഷിദ് മൂപ്പന്റകത്ത്, വിജിൻദാസ് തുടങ്ങിയവർ പങ്കെടുത്തു.
പരമ്പരാഗത രീതികൾ വിട്ട് വേദികൾ
കലോത്സവ അരങ്ങുകൾക്ക് നൽകിവരുന്ന പേരുകളിൽ വ്യത്യസ്തത. ആകെയുള്ള 12 വേദികൾക്ക് തേജസ്വിനി, മാന്തോപ്പ്, തുടി, ഗസൽ, കനകാംബരി, നാട്ടകം, നന്തുണി, മരുതം, ഇശൽ, പെരുമ്പറ, മലയാണ്മ, നെയ്തൽ എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നത്. ആതിഥേയ സ്കൂളിൽ അഞ്ചു വേദികളും ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിൽ രണ്ടു വേദികളും ഉദിനൂർ ക്ഷേത്രപാലക അമ്പല പരിസരത്ത് രണ്ടു വേദികളും തടിയൻ കൊവ്വലിൽ രണ്ടു വേദികളും കിനാത്തിൽ ഒരു വേദിയുമാണ് ഒരുക്കിയിരിക്കുന്നത്.
വിധി നിർണ്ണയം കുറ്റമറ്റതാക്കും
കലോത്സവത്തിൽ മറ്റു ജില്ലകളിൽ സംഭവിച്ചത് പോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ ജാഗ്രത പാലിക്കും. വിധി നിർണ്ണയത്തിൽ പാളിച്ചകൾ സംഭവിക്കാതിരിക്കാൻ കുറ്റമറ്റ സംവിധാനം ഒരുക്കിയിട്ടുണ്ട്. വിധികർത്താക്കളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കും. കർശനമായ നിരീക്ഷണവും ഏർപ്പെടുത്തും. കൈയേറ്റങ്ങൾ അടക്കമുള്ളത് തടയാൻ വളണ്ടിയർമാരുടെയും പൊലീസിന്റെയും സഹായം തേടും.
.