 
ഉദിനൂർ (കാസർകോട്): സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആർക്കും തകർക്കാൻ ആവാത്ത റെക്കാർഡ് കുറിച്ച കലാകാരി ഡോക്ടർ ആതിര ആർ.നാഥിന്റെ നാട്ടിലാണ് അഞ്ചു നാൾ കലയുടെ മേള പെരുക്കം തീർക്കുന്നത്. നാട്ടിൽ വരാൻ പറ്റില്ലെങ്കിലും പോയ കാലത്തിന്റെ കളിയരങ്ങിൽ മനസർപ്പിച്ചു കഴിയുകയാണ് ആതിര ആർ നാഥ്.
കാസർകോട് റവന്യൂ ജില്ലാ കലോത്സവം ആതിരയുടെ നാടായ ഉദിനൂരിൽ എത്തുന്നത് രണ്ടാം തവണയാണ്. 2005 ൽ ആതിര ആർ നാഥ് കുറിച്ച റെക്കാർഡിന് പിൻഗാമികൾ ഇല്ലാത്തതിനാൽ ഇന്നും മിന്നും താരമാണ് ഈ കലാകാരി. സ്കൂൾ കലോത്സവങ്ങളിലെ അവസാന കലാതിലകവുമാണ് ആതിര ആർ നാഥ്. 2005 ലെ സ്കൂൾ കലോത്സവത്തിന് തിരൂരിൽ തിരശീല വീണപ്പോൾ ഉദിനൂർ ഹയർ സെക്കന്ററി സ്കൂളിലെ ആതിര ആർ. നാഥിനായിരുന്നു കലാതിലക പട്ടം. പിന്നീട് ജില്ലാ, സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ നിന്ന് കലാതിലക, കലാപ്രതിഭ പട്ടങ്ങൾ തന്നെ ഒഴിവാക്കി. 2005 ൽ കലാപ്രതിഭ പട്ടത്തിന് ആരും ഉണ്ടായതുമില്ല.
ചാക്യാർ കൂത്ത്, ഉറുദു ഗസൽ, കഥാപ്രസംഗം എന്നിവയിൽ ഒന്നാം സ്ഥാനവും കവിതാ രചന, പദ്യം ചൊല്ലൽ എന്നിവയിൽ എ ഗ്രേഡും നേടിയാണ് ആതിര കാലാതിലകമായത്. പത്താം ക്ലാസായതിനാൽ പഠനത്തിനുള്ള ശ്രദ്ധ കുറയുമെന്നതിനാൽ നൃത്ത ഇനങ്ങൾ ഒഴിവാക്കിയാണ് മത്സരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പഠിക്കുമ്പോഴും കലാതിലകമായിട്ടുണ്ട്. മോഹിനിയാട്ടം, കേരള നടനം, കഥാപ്രസംഗം, മോണോ ആക്ട്, മാപ്പിളപ്പാട്ട്, സോളോ ഡാൻസ്, കവിതാലാപനം, പ്രസംഗം, കവിതാരചന എന്നീ ഇനങ്ങളിൽ വിജയിച്ചാണ് മെഡിക്കോസ് കലോസവത്തിൽ കലാതിലകമായത്. കലാതിലക പട്ടം ഒഴിവാക്കിയതും ആതിരയുടെ കുടുംബത്തിന് വലിയ നഷ്ടമായിരുന്നു.
2008 ൽ കൊല്ലത്ത് നടന്ന സംസ്ഥാന കലോത്സവത്തിൽ കൂടുതൽ പോയിന്റ് ആതിരയുടെ അനുജത്തി ആദിത്യക്കായിരുന്നു. ഒഴിവാക്കിയില്ലെങ്കിൽ മറ്റൊരു കലാതിലക പട്ടം കൂടി ഈ വീട്ടിൽ എത്തുമായിരുന്നു. ആദിത്യയും എം.ബി.ബി.എസ് പൂർത്തിയാക്കി പിജിയും കഴിഞ്ഞ് ഇപ്പോൾ ഡൽഹിയിലാണ്. ഗൈനക്കോളജിയിൽ പി.ജി കഴിഞ്ഞ ആതിര ആർ നാഥ് വന്ധ്യത ചികിത്സയിൽ എം.ഡി എടുത്ത ശേഷം എറണാകുളം അമൃതയിൽ സ്പെഷ്യലൈസ് ചെയ്യുകയാണിപ്പോൾ. ഭർത്താവ് ഡോ. നിഖിൽ കണ്ണൂർ ജ്യോതിഷ് ഐ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്. അഞ്ചു വയസുള്ള വേദ ഏകമകളാണ്. വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായി വിരമിച്ച ഉദിനൂർ കിനാത്തിലെ കെ.രവിനാഥിന്റെയും ഉടുമ്പുന്തല ജി.എൽ.പി സ്കൂളിലെ പ്രധാനദ്ധ്യാപികയാണ് അമ്മ പ്രീതി.
ആദിത്യക്ക് ഏറ്റവും കൂടുതൽ പോയിന്റ് നേടിയ 2008 ൽ പട്ടം ഇല്ലെങ്കിലും പറന്നുകളിച്ചവർ എന്ന തലക്കെട്ടിൽ 'കേരളകൗമുദി' നൽകിയിരുന്നു. മക്കൾക്ക് രണ്ടു പേർക്കും 16 വർഷത്തിന് ശേഷം വന്നെത്തുന്ന കലോത്സവത്തിന് ഉദിനൂരിൽ എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അവധി കിട്ടാത്ത പ്രശ്നമുണ്ട്. ഞായറാഴ്ച പോലും ക്‌ളാസ് ഉള്ളതിനാൽ വരുന്നത് പ്രയാസമായിരിക്കും.
രവിനാഥ് (അതിരയുടെയും ആദിത്യയുടേയും അച്ഛൻ)