നീലേശ്വരം: മലബാറിലെ ക്ഷേത്രസ്ഥാനികരുടെ ശമ്പളം വർദ്ധിപ്പിച്ചതായും വർദ്ധിപ്പിച്ച ശമ്പളവും കുടിശ്ശികയും രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുമെന്നും മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി അറിയിച്ചു. പെരുങ്കളിയാട്ടം നടക്കുന്ന പള്ളിക്കരമംഗലം ഭഗവതി ക്ഷേത്രത്തിൽ സംഘടിപ്പിച്ച ആചാര സ്ഥാനിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്ര സ്ഥാനികർക്ക് പ്രതിമാസം നൽകിയിരുന്ന 1400 രൂപ 1600 രൂപയായാണ് വർദ്ധിപ്പിച്ചത്. ആചാര സ്ഥാനികരുടെ വേതനം 2000 രൂപയായി വർദ്ധിപ്പിക്കണം എന്നായിരുന്നു ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിലേക്ക് ശുപാർശ സമർപ്പിച്ചത്. എന്നാൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് 200 രൂപയുടെ മാത്രം വർദ്ധന വരുത്തിയതെന്ന് മുരളി പറഞ്ഞു. മൂന്നു കോടി 60 ലക്ഷം രൂപയാണ് ഇതിനകം കുടിശ്ശികയായി നൽകാനുള്ളത്. ഇതിനായി ഒരു കോടി 60 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ബാക്കി തുകയും ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതുകൂടി ലഭിച്ചാൽ ക്ഷേത്ര സ്ഥാനികരുടെ വേതന കുടിശ്ശിക പൂർണമായും കൊടുത്തുതീർക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പെരുങ്കളിയാട്ട ആഘോഷ കമ്മിറ്റി ചെയർമാൻ പ്രൊഫ. കെ.പി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.