ckp

കണ്ണൂർ: മുൻ എം.എൽ.എ സി.കെ.പി. പത്മനാഭൻ സി.പി.എം മാടായി ഏരിയാ കമ്മറ്റിയിൽ നിന്ന് പുറത്ത്. പാർട്ടി തന്നെ രോഗിയാക്കിയെന്ന സി.കെ.പിയുടെ സമീപകാല തുറന്നു പറച്ചിൽ വിവാദമായിരുന്നു. അനാരോഗ്യം കാരണം സി.കെ.പി പാർട്ടിയിൽ സജീവമല്ലായിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി.കെ.പിയെ ഒഴിവാക്കിയത്. ഇനി പാർട്ടി അംഗമായിരിക്കും. കർഷകസംഘം സംസ്ഥാന പ്രസിഡന്റായിരുന്ന സി.കെ.പിയെ 2011 സെപ്തംബർ 18ന് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും പാർട്ടി നീക്കിയിരുന്നു. കർഷകസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ ഫണ്ട് കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയതിനാലാണ് നടപടി. ഓഫീസ് സെക്രട്ടറി നടത്തിയ തിരിമറിക്ക് തന്നെ ബലിയാടാക്കിയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പാർട്ടി തന്റെ വാദം കേട്ടില്ലെന്നും കള്ളനെന്നു വരുത്തിത്തീർത്ത് വിഭാഗീയതയുടെ ഇരയാക്കിയെന്നുമുള്ള പരിഭവമാണ് സി.കെ.പിക്കുള്ളത്. അതിന്റെ മാനസികസംഘർഷത്തിലാണു താൻ രോഗിയായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ പെരുമാറ്റദൂഷ്യത്തിനു പരാതി നൽകിയതിന്റെ പ്രതികാരമായാണ് നടപടിയെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.