തലശ്ശേരി: തലശ്ശേരി നഗരസഭയുടെ പുതിയ ഓഫീസ് സമുച്ചയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മലബാറിലെ ആദ്യ നഗരസഭകളിലൊന്നായ തലശ്ശേരിക്ക് ആധുനീകവും കലാചാതുര്യവുമുള്ള കാര്യാലയമാണ് നഗരത്തിന് സമർപ്പിക്കുന്നത്. എം.ജി.റോഡിൽ നിലവിലുള്ള കെട്ടിടത്തോട് ചേർന്നാണ് 75 കോടി ചെലവിൽ മൂന്ന് നില കെട്ടിടം നിർമ്മിച്ചത്. നിലവിലെ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇപ്പോൾ നഗരസഭ ഓഫീസായി പ്രവർത്തിക്കുന്ന പഴയ കെട്ടിടം പൈതൃക മ്യൂസിയമായി മാറ്റി സൗന്ദര്യവൽകരിക്കും.

1866ൽ തലശ്ശേരി നഗരസഭ നിലവിൽ വരുമ്പോൾ അന്നത്തെ ജില്ലാ കളക്ടർ ജി.എ. ബല്ലാർഡായിരുന്നു ആദ്യ പ്രസിഡന്റ്. 1885 ഏപ്രിൽ മുതൽ മുൻസിപ്പൽ കൗൺസിൽ എന്ന പേരിലറിയപ്പെട്ടു. തലശ്ശേരി ബാറിലെ പ്രമുഖ യൂറോപ്യൻ അഭിഭാഷകനായ എ.എഫ്. ലമറൽ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ചെയർമാനായി. 12 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും, 6 നോമിനേറ്റഡ് അംഗങ്ങളുമടങ്ങുന്നതാണ് കൗൺസിൽ. പൗരപ്രമുഖരും വലിയ നികുതി ദായകരുമായിരുന്നു നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നത്. പൊലീസിന്റെ നിയന്ത്രണ ചുമതലയും നഗരസഭക്കായിരുന്നു.
നഗരത്തിലെ ചില്ലുകൂട്ടിലുള്ള 70 വഴിവിളക്കുകൾ കത്തിക്കുക നഗര ഭരണത്തിന്റെ പ്രധാന ചുമതലയായിരുന്നു. നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം 1922 ൽ തന്നെ നടപ്പിലാക്കിയ ആദ്യ നഗരസഭയാണിത്. ബ്രണ്ണൻ ഹൈസ്‌ക്കൂളും, ബ്രണ്ണൻ കോളേജും 1919 വരെ നഗരസഭ നേരിട്ടാണ് നടത്തിയിരുന്നത്. സംഭവ ബഹുലമായ ഭൂതകാലത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഈ നഗര സഭയുടെ നൂറ്റിയമ്പതാം പിറന്നാൾ ആഘോഷിച്ചത് 2017ലായിരുന്നു. ദക്ഷിണേന്ത്യൻ ശിൽപ്പകലയുടെ ആചാര്യനായി അറിയപ്പെടുന്ന ഡി.പി. റോയ് ചൗധരിയാണ് നഗരസഭാകാര്യാലയത്തിന് മുന്നിലുള്ള ഗാന്ധി ശിൽപ്പം നിർമ്മിച്ചത്.