
കണ്ണൂർ: സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ പൂർണമായും ഭദ്രമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ കേരള ബാങ്ക് അഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള കർമ്മ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് സർക്കാരാണ് ഗ്യാരണ്ടി. എല്ലാ സഹകരണ സംഘങ്ങളിലെയും നിക്ഷേപം തിരികെ നൽകാനുള്ള ലിക്വിഡിറ്റി ഉറപ്പാക്കുന്നതോടൊപ്പം നിക്ഷേപ ഗ്യാരണ്ടി ബോർഡുമുണ്ട്. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളെല്ലാം കേരളത്തിന് പുറത്തെത്തിക്കാനും അവ വാണിജ്യ ബാങ്കുകൾക്കും അത് വഴി കോർപ്പറേറ്റുകൾക്ക് എത്തിക്കാനുമാണ് ചിലർ ആഗ്രഹിക്കുന്നത്. അത് കഴിയാതെ വരുന്നതിനാലാണ് സഹകരണ മേഖലയ്‌ക്കെതിരെ നുണപ്രചാരണം ശക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ബാങ്കിന്റെ പ്രവർത്തനങ്ങളിലൂടെ സഹകരണമേഖലക്ക് പൊതുവിലും സമൂഹത്തിനും വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കേരള ബാങ്ക് എക്സലൻസ് അവാർഡ്, മിനിസ്റ്റേഴ്സ് ട്രോഫി,കർഷക അവാർഡ് എന്നിവ മന്ത്രി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി,കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ,സഹകരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി ഡോ.വീണ എൻ.മാധവൻ,നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു എൻ.കുറുപ്പ്,കേരള ബാങ്ക് ഡയറക്ടർ കെ.ജി.വത്സലകുമാരി എന്നിവർ സംസാരിച്ചു. കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോ കർമ്മപദ്ധതി വിശദീകരിച്ചു.