
കണ്ണൂർ: വളപട്ടണത്ത് അരിവ്യാപാരിയുടെ വീട്ടിൽ നിന്ന് 300 പവനിലധികം വരുന്ന സ്വർണ, വജ്ര ആഭരണങ്ങളും ഒരു കോടി രൂപയും കവർന്നു. മൂന്നു പേരാണ് കവർച്ചയ്ക്ക് പിന്നിലെന്ന നിഗമനത്തിൽ അവർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം.
അരി മൊത്ത വ്യാപാര സ്ഥാപനമായ അഷറഫ് ട്രേഡേഴ്സിന്റെ ഉടമ കെ.പി.അഷറഫിന്റെ വളപട്ടണം മന്ന കെ.എസ്.ഇ.ബി ഓഫീസിനു സമീപം 'കോറൽ' വീട്ടിലായിരുന്നു കവർച്ച. 19ന് രാവിലെ അഷറഫും കുടുംബവും വീടുപൂട്ടി മധുരയിലുള്ള സുഹൃത്തിന്റെ വീട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. 20ന് രാത്രി എട്ടിനും 21ന് പുലർച്ചെ നാലിനുമിടയിലാണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാത്രി 9.15ന് കുടുംബം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്.
വീടിന് പിന്നിലെ കിടപ്പുമുറിയുടെ ജനലിന്റെ ഗ്രിൽ ആയുധം കൊണ്ട് ഇളക്കി മാറ്റിയാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവുമാണ് കവർന്നത്. കിടപ്പുമുറിയുടെ വാതിൽ കുത്തി പൊളിച്ച നിലയിലായിരുന്നു. അലമാര കുത്തിത്തുറന്ന് ലോക്കറിന്റെ താക്കോൽ കൈക്കലാക്കിയാണ് മോഷണം നടത്തിയത്.
മറ്റു മുറികളിലെ അലമാരകളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. അഷറഫിന്റെ ഉമ്മ, ഭാര്യ, സഹോദരി, മാതൃസഹോദരി എന്നിവരുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. കണ്ണൂർ റൂറൽ എസ്.പി അനൂജ് പരിവാളിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വീടും പരിസരവും കൃത്യമായി മനസിലാക്കിയവരാകാം പ്രതികളെന്നാണ് പൊലീസ് കരുതുന്നത്. അന്യസംസ്ഥാന മോഷ്ടാക്കളെയും സംശയിക്കുന്നു. വളപട്ടണം സി.ഐ ടി.പി.സുമേഷിന്റെ നേതൃത്വത്തിൽ ഇരുപതംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
ട്രെയിനിൽ രക്ഷപ്പെട്ടെന്ന് സംശയം
കവർച്ചയ്ക്കുശേഷം മോഷ്ടാക്കൾ വളപട്ടണം റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറി മംഗളൂരൂ ഭാഗത്തേക്ക് പോയിരിക്കാമെന്നാണ് പൊലീസ് സംശയം. പൊലീസ് നായ മണംപിടിച്ച് റെയിൽവേ ട്രാക്കിലേക്കും തുടർന്ന് വളപട്ടണം റെയിൽവേ സ്റ്റേഷൻ വരെയും എത്തിയിരുന്നു.
ദൃശ്യങ്ങളിൽ മൂന്നുപേർ
മൂന്നുപേർ മതിൽ ചാടി അകത്ത് കടക്കുന്നതിന്റെ ദൃശ്യങ്ങൾ വീടിന് മുന്നിലെ സി.സി ടിവി ക്യാമറയിൽ നിന്ന് ലഭിച്ചു. മുഖം മറച്ചാണ് മോഷ്ടാക്കൾ എത്തിയത്. സി.സി ടിവി ക്യാമറയുടെ ദിശ മാറ്റിവച്ച നിലയിലായിരുന്നു. ദൃശ്യങ്ങളിൽ പതിയാതിരിക്കാനാണ് ഇതെന്ന് പൊലീസ് കരുതുന്നു.