veed

കണ്ണൂർ: വളപട്ടണത്ത് വ്യാപാരി കെ.പി.അഷറഫിന്റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണം സി.സി ടിവി ദൃശ്യങ്ങളും പൊലീസ് നായയുടെ കണ്ടെത്തലുകളും കേന്ദ്രീകരിച്ച്. കൃത്യത്തിന് ശേഷം മോഷ്ടാക്കൾ പിറകുവശത്തെ റെയിൽവേ ട്രാക്കിലൂടെ രക്ഷപ്പെട്ടുവെന്നാണ് ലഭിക്കുന്ന സൂചന. ഇതുവഴിയുള്ള സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ലോക്കറിലെ സ്വർണ്ണവും പണവും മാത്രം ഉന്നംവച്ചാണ് മോഷ്ടാക്കൾ എത്തിയത്. അഷറഫും കുടുംബവും വീട് പൂട്ടി പോകുന്നത് അറിയാവുന്ന ആരോ ആണ് കൃത്യത്തിന് പിന്നിലെന്ന സംശയവും ബലപ്പെടുന്നുണ്ട്. വീടിനുള്ളിലെ മറ്റൊന്നും നശിപ്പിക്കാത്തതും അലമാരകൾ മാത്രം തുറന്നിട്ടതും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിവിദഗ്ദ്ധമായി പുറകുവശത്തെ ജനറൽ കമ്പികൾ അടർത്തിയെടുത്താണ് ഉള്ളിൽ കടന്നത്.

ഡോഗ് സ്‌ക്വാഡ് പരിശോധനയിൽ വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതികൾ കടന്നു കളഞ്ഞതെന്ന സൂചന ലഭിച്ചു. വീടിനടുത്ത് ചെറിയ റോഡ് വഴി മണം പിടിച്ച് ഓടിയ പൊലീസ് നായ റെയിൽവേ ട്രാക്കിലേക്കാണ് എത്തിയത്. ഒരു കിലോമീറ്റർ ട്രാക്കിലൂടെ ഓടിയ നായ റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ വരെ മണം പിടിച്ചെത്തി. അധികം ട്രെയിനുകൾ നിറുത്താത്ത സ്റ്റേഷനാണിത്. ചെറിയ റെയിൽവേ സ്റ്റേഷൻ ആയതിനാൽ ഇവിടെ സി.സി ടിവി ക്യാമറകളും ഇല്ല.