grill

കണ്ണൂർ : വളപട്ടണത്ത് മുന്നൂറ് പവനും ഒരു കോടി രൂപയും കവർന്ന മോഷ്ടാക്കൾ ഓപ്പറേഷൻ നടത്തിയത് അതിവിദഗ്ധമായി. ജനലിന്റെ ചില്ല് പൊട്ടിക്കാതെയാണ് മോഷ്ടാവ് അകത്തുകടന്നത്. മുഖം മൂടി ധരിച്ചതായി സി.സി.ടി.വി ദൃ ശ്യങ്ങളിൽ വ്യക്തമാണ്. സി.സി.ടി.വി ക്യാമറ ഒടിച്ചു താഴ്ത്തിയ ശേഷമാണ് മുറിയുടെ ഇരുമ്പു ഗ്രിൽ ആയുധം കൊണ്ട് തിക്കി വീട്ടിന് അകത്തേക്ക് കടന്നത്. ശേഷം കിടപ്പുമുറിയിലെത്തിയ മോഷ്ടാവ് ആഭരണവും പണവും സൂക്ഷിച്ച ലോക്കർ കണ്ടുപിടിച്ചു. വൻ സുരക്ഷാ സജ്ജീകരണങ്ങളുള്ള ലോക്കർ സാധാരണ രീതിയിൽ തകർക്കാനാവില്ല. എന്നാൽ അലമാരയിൽ നിന്ന് ലോക്കറിന്റെ താക്കോൽ കിട്ടിയത് മോഷ്ടാവിന് പണി എളുപ്പമാക്കി.

പിന്നിൽ കൃത്യമായി അറിവുള്ളവരാകാമെന്ന് വീട്ടുകാർ

കണ്ണൂർ: ലോക്കർ ഉള്ള സ്ഥലം വരെ കൃത്യമായി മനസിലാക്കിയ ആളുകളാവാം മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതെന്ന് കവർച്ച നടന്ന വീട്ടുടമയായ അഷ് റഫിന്റെ ഭാര്യാസഹോദരൻ ജാബിർ പറഞ്ഞു.മൂന്ന് കിടപ്പുമുറികളിലും മോഷ്‌ടാക്കൾ കയറിയിട്ടുണ്ട്. സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടി അതിന്റെ താക്കോൽ മറ്റൊരു കിടപ്പു മുറിയിലെ അലമാരയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ആ അലമാരയുടെ താക്കോൽ വേറെ മുറിയിലുമായിരുന്നു. മറ്റ് മുറികളിൽ നിന്നും വേറൊന്നും നഷ്‌ടപ്പെട്ടിട്ടില്ല. ലോക്കർ മാത്രം ലക്ഷ്യമിട്ടാണ് മോഷ്ടാക്കൾ വന്നതെന്നാണ് കരുതുന്നത്. യാത്രയ്ക്ക് മുമ്പ് പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചിരുന്നില്ലെന്നും ദുബായിലും ബംഗളൂരുവിലുമെല്ലാമായി സാധാരണയായി കുടുംബം പോകാറുണ്ടെന്നും ജാബിർ പറഞ്ഞു. വീട്ടിൽ ലോക്കർ ഉണ്ടായിരുന്നത് കൊണ്ട് സ്വർണവും പണവും ബാ ങ്കിൽ സൂക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.