
പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ സി ടി.സ്കാനിംഗ് മെഷീൻ പണിമുടക്കിയതിനെ തുടർന്ന് സ്വകാര്യ ലാബുകളെ തേടേണ്ട ഗതികേടിൽ രോഗികൾ. അഞ്ചു ദിവസമായി സി.ടി സ്‌കാനർ തകരാറിലായതിനാൽ സ്വകാര്യ സ്‌കാനിംഗ് സെന്ററുകളിലേക്ക് രോഗികളെ പറഞ്ഞുവിടുകയാണ് അധികൃതർ. വാർഷിക അറ്റകുറ്റപ്പണി നടത്തുന്നതിൽ കാണിച്ച അലംഭാവമാണ് മെഷീൻ കേടായതിന് പിന്നിലെന്നാണ് വിവരം.
ആരോഗ്യ ഇൻഷൂറൻസും കാരുണ്യ പദ്ധതിയും ഉപയോഗപ്പെടുത്തുന്ന പാവപ്പെട്ട രോഗികൾക്കാണ് ഇത് ഏറെ ബുദ്ധിമുട്ടായത്. മറ്റുള്ളവർക്കും സ്വകാര്യ സ്‌കാനിംഗ് സെന്ററുകളിൽ ഉള്ളതിനേക്കാൾ കുറഞ്ഞ ചെലവിൽ ഇവിടെ സ്‌കാനിംഗ് നടത്താൻ സാധിക്കാറുണ്ട്. കഴിഞ്ഞ ദിവസം ചെറുതാഴത്ത് വാഹനാപകടത്തിൽ പരിക്കേറ്റ കർണാടകയിൽ നിന്നുള്ള അയ്യപ്പൻമാരെ സി.ടി.സ്‌കാനിംഗിനായി സ്വകാര്യ സ്‌കാനിംഗ് സെന്ററിലേക്ക് പോകാൻ നിർദ്ദേശിക്കുകയായിരുന്നു അധികൃതർ. നാട്ടിലെത്തി ചികിത്സ നടത്താമെന്ന് പറഞ്ഞ് രണ്ടുപേർ നിർബന്ധ ഡിസ്ച്ചാർജ് വാങ്ങിപ്പോകുകയായിരുന്നു.
ഡോക്ടർ കൂട്ടായ്മയുടെ സ്വന്തം സ്കാനിംഗ് സെന്ററുണ്ട്
പരിയാരത്തെ ഡോക്ടർമാരുടെ കൂട്ടായ്മയുടെ സ്വകാര്യ സ്‌കാനിംഗ് സെന്ററിനെ സഹായിക്കുന്നതാണ് മെഡിക്കൽ കോളേജിലെ സി.ടി.സ്കാനിംഗ് മെഷീൻ അറ്റകുറ്റപ്പണി വൈകിക്കുന്ന നടപടിയെന്ന് ഇതിനകം ആരോപണമുയർന്നിട്ടുണ്ട്. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താതെ സ്‌കാനിംഗ് മെഷീൻ കേടാവുന്നതുവരെ കാത്തിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. വാഹനാപകടകേസുകളിൽ എത്തുന്ന രോഗികളെയും സ്‌കാനിംഗ് ആവശ്യമുള്ള മറ്റ് രോഗികളെയും ആംബുലൻസിൽ കൊണ്ടുപോകാൻ അമിത നിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്.
റിപ്പയറിംഗ് ഉടനെന്ന് അധികൃതർ
സ്‌കാനിംഗ് മെഷീനിന്റെ കേടായ ഭാഗം ലഭിക്കാനുള്ള കാലതാമസമാണ് അറ്റകുറ്റപ്പണി വൈകാൻ കാരണമായതെന്നും അടുത്ത ദിവസം തന്നെ സ്‌കാനിംഗ് മെഷീൻ പ്രവർത്തിപ്പിച്ചു തുടങ്ങുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
സി.ടി സ്കാൻ
എക്സ്‌റേയും കമ്പ്യൂട്ടറും ഉപയോഗിച്ച് ശരീരത്തിന്റെ ക്രോസ് സെക്ഷണൽ ഇമേജുകൾ നിർമ്മിക്കുന്ന പ്രത്യേക എക്സ്‌റേ ടെസ്റ്റുകളാണ് സിടി സ്‌കാനുകൾ. തല മുതൽ കാൽ വരെ ശരീരത്തിന്റെ ഏത് ഭാഗത്തും ഇത് നടത്താം.
ഏത് സ്കാനിംഗിനും മെഡിക്കൽ കോളേജിൽ ₹1000
എ.എ.വൈ കാർഡുകാർക്ക് സൗജന്യം