ghoshayatra

ഇന്ന് സ്റ്റേജിതരം

ഉദിനൂർ: ഉദിനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ കാസർകോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന് സ്റ്റേജിതര മത്സരങ്ങളോടെ ഇന്ന് തുടക്കം. കലോത്സവ വരവ് അറിയിച്ച് നടക്കാവിൽ നിന്നും ഉദിനൂരിലേക്ക് വിളംബരഘോഷയാത്ര നടന്നു. പതിനാറു വർഷങ്ങൾക്ക് ശേഷം ഉദിനൂരിൽ മടങ്ങിയെത്തിയ കലോത്സവത്തിന്റെ ആദ്യ രണ്ടുദിനങ്ങളിൽ സ്റ്റേജിതര മത്സരങ്ങൾ മാത്രമാണ്.

ഉദിനൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ ആറു റൂമുകളിലും ഉദിനൂർ സ്‌കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറു ഭാഗത്തുമുള്ള വേദികളിമായാണ് സ്റ്റേജിതര മത്സരങ്ങൾ. മലയാളം കന്നഡ ഇനങ്ങളിലായി യു പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മത്സരങ്ങളുണ്ടാകും. ഉദിനൂർ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ രാവിലെ ഒമ്പത് മണി മുതൽ ഹൈസ്‌കൂൾ വിഭാഗം ബാൻഡ് മേളവും 10.10 മുതൽ ഹയർ സെക്കണ്ടറി വിഭാഗം ബാൻഡ് മേളവും അരങ്ങേറും. 28 മുതൽ 30 വരെയാണ് സ്റ്റേജിനങ്ങൾ അരങ്ങിലെത്തുന്നത്. 316 ഇനങ്ങളിലായി സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങളിൽ ആറായിരത്തോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ഒന്നാം ദിവസം 320, രണ്ടാം ദിവസം 225, മൂന്നാം ദിവസം 1500, നാലാം ദിവസം 1700, അഞ്ചാം ദിവസം 2100 കുട്ടികളാണ് വിവിധയിനങ്ങളിൽ മത്സരിക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘാടനം 28 ന് വൈകുന്നേരം നാലു മണിക്ക് പ്രശസ്ത സിനിമാ താരവും സംവിധായകനുമായ മധുപാൽ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.


ശുചീകരണത്തിന് 30 അംഗ സേന

പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തുന്ന ജില്ലാ കലോത്സവം നടക്കുന്ന വിദ്യാലയത്തിലും വേദികളിലും ഊട്ടുപുരയിലും അതാത് സമയം മാലിന്യങ്ങൾ നീക്കം ചെയ്ത് ശൂചീകരിക്കാൻ ഹരിത കർമ്മ സേനയിലെ 30 വനിതകൾ സദാസമയവുമുണ്ടാകും. കലോത്സവത്തിന് എത്തുന്ന മുഴുവൻ ആളുകളും നഗരി വൃത്തിയാക്കാൻ ഹരിത കർമ്മ സേനയുമായി സഹകരിക്കണമെന്ന് പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി വി അസ്ലം പറഞ്ഞു.


ഉത്പന്ന പ്രദർശന വിപണനമേള

വിവിധ മേഖലയിലുള്ള സംരംഭകർ പങ്കെടുക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ ഈ വർഷത്തെ ജില്ലാതല ഉത്പന്ന പ്രദർശന വിപണനമേള നവംബർ 26 മുതൽ 30 വരെ കലോത്സവ നഗരിയിൽ നടക്കും.എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്യും