
പുഷ്പനും സ്മരണാഞ്ജലി
കൂത്തുപറമ്പ്: കൂത്തുപറമ്പ് ദിനത്തിന്റെ മുപ്പതാം വാർഷികദിനത്തിൽ രക്തസാക്ഷി സ്മരണ പുതുക്കി ഡി.വൈ.എഫ്.ഐ.കെ. കെ.രാജീവൻ , മധു, കെ.വി.റോഷൻ , ഷിബുലാൽ , ബാബു എന്നിവർക്ക് പുറമേ ഇക്കുറി പുതുക്കുടി പുഷ്പനും സ്മരണാഞ്ജലിയർപ്പിച്ചു.രക്തസാക്ഷികളുടെ സ്മരണ പുതുക്കി കൂത്തുപറമ്പിൽ നടന്ന യുവജന റാലിയിലും അനുസ്മരണസമ്മേനത്തിലും ആയിരങ്ങളാണ് അണിനിരന്നത്.
രക്തസാക്ഷികൾ വെടിയേറ്റ് വീണ ഇടങ്ങളിൽ നിന്ന് കൊളുത്തിയ ദീപശിഖകൾ നൂറുകണക്കിന് അത്‌ലറ്റുകളുടെ അകമ്പടിയോടെ തൊക്കിലങ്ങാടിയിൽ എത്തിച്ചു. ഇവിടെ നിന്ന് യുവജന പ്രകടനവും ദീപശിഖ പ്രയാണവും കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയത്തിൽ എത്തി. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, എം.വിജിൻ ,വി.ഷിജിത്ത്,ടി.മിഥുൻ തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കെ.ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി, ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി.ജയരാജൻ, വത്സൻ പനോളി , എം.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.