കാസർകോട്: പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതിക്ക് 32 വർഷവും രണ്ടാംപ്രതിക്ക് 34 വർഷവും കഠിനതടവ്. ഒന്നാംപ്രതി കടമ്പാർ ചിഗുറുപദവിലെ സന്ദേശ് എന്ന നന്ദേശ് (34), രണ്ടാം പ്രതി കുളൂർ മജാറിലെ നവീൻകുമാർഷെട്ടി (34) എന്നിവരെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് കോടതി (പോക്‌സോ) ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. സന്ദേശിന് വിവിധ പോക്‌സോ, ഐ.പി.സി വകുപ്പുകൾ പ്രകാരം 32 വർഷം കഠിനതതടവും നാല് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുവർഷവും നാല് മാസവും അധികതടവ് അനുഭവിക്കണം. നവീൻകുമാർ ഷെട്ടിയെ 34 വർഷം കഠിനതടവിനും നാല് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും നാല് മാസവും അധികതടവ് അനുഭവിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
പെൺകുട്ടിക്ക് 15 വയസുള്ളപ്പോൾ സുഹൃത്തുക്കളായ പ്രതികൾ വീട്ടിൽ നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. മഞ്ചേശ്വരം ഇൻസ്‌പെക്ടറായിരുന്ന പി. അനൂപാണ് കേസിൽ അദ്യം അന്വേഷണം നടത്തിയത്. എസ്.എം.എസ് എ.എസ്.പിയായിരുന്ന വിവേക് കുമാറാണ് തുടരന്വേഷണം നടത്തിയത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത എസ്.എം.എസ് ഡിവൈ.എസ്.പി ഹരിശ്ചന്ദ്രനായകാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ പ്രിയ ഹാജരായി.