പയ്യന്നൂർ: കോടതി സമുച്ചയം നിർമ്മാണം ജനുവരിയിൽ പൂർത്തിയാകുമെന്ന് ടി. ഐ. മധുസൂദനൻ എം.എൽ.എ. അറിയിച്ചു. കോടതി കെട്ടിടത്തിനായി 14 കോടി രൂപയാണ് സർക്കാർ ഭരണാനുമതി നൽകിയിരുന്നത്. ബേസ്മെന്റ് , ഗ്രൗണ്ട് ഫ്ലോർ അടക്കം ആറ് നില കെട്ടിടം നിർമ്മിക്കുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയതും ഭരണാനുമതി ലഭിച്ചതും. സാങ്കേതികാനുമതി ലഭിക്കുന്ന ഘട്ടത്തിൽ ബേസ്മെന്റ് പ്രായോഗികമല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ബേസ്മെന്റ് ഒഴിവാക്കുകയും ഗ്രൗണ്ട് ഫ്ലോർ അടക്കം 5 നിലയുടെ സാങ്കേതികാനുമതി നേടുകയും ചെയ്തു.
കേന്ദ്ര സർക്കാർ ജി.എസ്.ടി. 12 ശതമാനത്തിൽ നിന്ന് 18 ലേക്ക് ഉയർത്തിയതിനാലും , സാങ്കേതികാനുമതി ഘട്ടത്തിൽ ഫൗണ്ടേഷനിൽ ചില മാറ്റങ്ങൾ വരുകയും പൈൽ റിസൾട്ടിന്റെ അടിസ്ഥാനത്തിൽ പൈൽ നിർമ്മാണത്തിൽ മാറ്റം വരികയും 25 ഉണ്ടായിരുന്നത് 31 ആയി ഉയരുകയും ചെയ്തു. ചുറ്റുമതിൽ നിർമ്മാണത്തിന് നേരത്തെ കണ്ടെത്തിയ തുകയേക്കാൾ കൂടുതൽ വേണ്ടി വരികയും ചെയ്തു. ഇങ്ങിനെ അധികം വരുന്ന തുകയ്ക്ക് ഭരണാനുമതി ലഭിക്കാത്തതിനാൽ നേരത്തെ ഭരണാനുമതി ലഭിച്ച 14 കോടി രൂപയിൽ അധികരിക്കാതെ ഗ്രൗണ്ട് ഫ്ലോർ അടക്കം 4 നിലകൾ പൂർത്തീകരിക്കുന്ന രീതിയിൽ എസ്റ്റിമേറ്റിൽ മാറ്റം വരുത്തിയാണ് കെട്ടിട നിർമ്മാണം നടത്തിയത്.
ലിഫ്റ്റ് , ജനറേറ്റർ , ഫയർഫൈറ്റിംഗ് ഉപകരണങ്ങൾ ഉൾപ്പെടെ ഇലക്ട്രിക്കൽ പ്രവൃത്തികൾക്കെല്ലാമായി 1.14 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ജി.എസ്. ടി. യിലെ മാറ്റവും സാധനങ്ങൾക്ക് വിലയിൽ വന്ന വർദ്ധനവും കാരണം നേരത്തെ വകയിരുത്തിയ തുകയിൽ എല്ലാ ഇലക്ട്രിക്കൽ പ്രവൃത്തികളും ചെയ്യാൻ കഴിയാത്ത നിലയിലായതിനാൽ ,
ഫയർ ഫൈറ്റിംഗ് ഒഴികെ ബാക്കി എല്ലാ പ്രവൃത്തികളും അടിയന്തരമായി പൂർത്തീകരിക്കാനും ഫയർ ഫൈറ്റിംഗ് സംവിധാനത്തിന് വേണ്ടി വരുന്ന അധിക തുകയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിൽ നിന്ന് ഭരണാനുമതി ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. നഗരസഭ ചെയർപേഴ്‌സൺ കെ.വി.ലളിത, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി : എൻജിനീയർ ഷാജി തയ്യിൽ, അസി.എൻജിനീയർ സുനോജ്, ഇലക്ട്രിക്കൽ അസി.എൻജിനീയർ ലിമി, അഡ്വക്ക്റ്റുമാരായ കെ.വിജയകുമാർ, ഡി.കെ. ഗോപിനാഥ്, രാജേഷ് പിലാങ്കു എന്നിവരും സംബന്ധിച്ചു.