erikulam

ഉദിനൂർ: മൺപാത്ര നിർമ്മാണത്തിന് പേരുകേട്ട എരിക്കുളത്തിന്റെ വൈദഗ്ധ്യവുമായി വിനോദിനി,​ തമ്പായി,​ ഷീബ എന്നിവർ ഉദിനൂരിലെ കലോത്സവ നഗരിയിൽ വ്യവസായകേന്ദ്രം ഒരുക്കിയ പവലിയനിൽ സജീവമാണ്. കൈകൊണ്ട് പ്രവർത്തിക്കുന്ന യന്ത്രത്തിൽ കുഴച്ച കളിമണ്ണ് കൊണ്ട് മിനിട്ടുകൾക്കകം ചട്ടിയും കലവും നിർമ്മിച്ച് നൽകുന്നത് ആളുകൾ അത്ഭുതത്തോടെയാണ് കണ്ടുനിന്നത്.

മൺപാത്ര നിർമ്മാണത്തിൽ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചാണ് ഇവർ പറയുന്നത്.ചട്ടികൾ, കലങ്ങൾ, അപ്പമുണ്ടാക്കുന്ന ഓടുകൾ, മങ്കണം തുടങ്ങിയവ ഒരു ദിവസം 20 എണ്ണമെങ്കിലും ഉണ്ടാകുമെങ്കിലും അത് ഉണക്കി ചൂളയിൽ വെച്ച് ചുട്ടെടുക്കാൻ ഒരു മാസമെങ്കിലും ആകും.ഇരുന്നൂറെണ്ണമെങ്കിലും ഉണ്ടായാലേ ചൂളയിൽ വെക്കാൻ കഴിയു. എരിക്കുളത്തെ കുടിൽ വ്യവസായം വലിയ പ്രതിസന്ധിയിൽ ആണെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.നൂറു കുടുംബങ്ങളാണ് എരിക്കുളത്ത് മൺപാത്ര നിർമ്മാണരംഗത്തുള്ളത്. ആറു മാസം പണിയും ആറു മാസം വറുതിയും എന്നതാണ് സ്ഥിതി. പണി ഇല്ലാത്ത മാസങ്ങളിൽ മറ്റു ജോലികൾക്ക് പോകേണ്ടിവരുന്നുവെന്നും ഇവർ പറഞ്ഞു.