kavarcha

ബുധൻ,​വ്യാഴം ദിവസങ്ങളിൽ മോഷ്ടാവ് വീട്ടിൽ കയറിയതിന് തെളിവ് ലഭിച്ചു

കണ്ണൂർ: വളപട്ടണത്തെ നേരിയരി മൊത്തവ്യാപാരി അഷ്റഫിന്റ വീട്ടിൽ മോഷണം നടത്തുന്നതിന് മുമ്പ് രണ്ടുതവണ മോഷ്ടാവ് എത്തിയിട്ടുണ്ടെന്ന നിഗമനത്തിൽ പൊലീസ്. സി.സി.ടി.വി വിശദമായി പരിശോധിച്ചപ്പോഴാണ് അന്വേഷണസംഘത്തിന് നിർണ്ണായക വിവരം ലഭിച്ചത്.

ബുധനാഴ്‌ച പുലർച്ചെ മൂന്നിനായിരുന്നു വീട്ടിൽ ആദ്യം മോഷ്ടാവ് കയറിപ്പറ്റിയത്. അന്ന് ഓണാക്കിയ ലൈറ്റ് ഓഫ് ചെയ്യാതെയാണ് മോഷ്ടാവ് ഇറങ്ങിയത്. തൊട്ടടുത്ത ദിവസം രാത്രി വീട്ടിൽ നിന്ന് ഒരു കെട്ടുമായി പ്രതി പുറത്തിറങ്ങുന്ന ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട് . ഇതിൽ നിന്നാണ് മോഷ്ടാവ് വീട്ടിൽ രണ്ടു പ്രാവശ്യം എത്തിയതായി പൊലീസ് സ്ഥിരീകരിച്ചത്. രണ്ടാമത്തെ പ്രാവശ്യം ഇറങ്ങുമ്പോൾ ലൈറ്റ് ഓഫാക്കിയിരുന്നു. രണ്ടു തവണയും വീടിനുള്ളിൽ കയറിയ ആൾ മുഖം മൂടി ധരിച്ചിരുന്നുവെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

അന്വേഷണവുമായി ബന്ധപ്പെട്ട് ഉത്തരമേഖല ഡി.ഐ.ജി രാജ് പാൽ മീണ, റൂറൽ എസ്.പി.അനുരാജ് പലിവാൾ, എ.സി പി ടി.കെ.രത്നകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വളപട്ടണം പൊലീസ് സ്റ്റേഷനിൽ ഇന്നലെ യോഗം ചേർന്നു.പൊലീസ് ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

ജീവനക്കാരുടെ മൊഴിയെടുത്തു

ലഭിച്ചിരിക്കുന്ന പുതിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വീടിനെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളവരുടെ സഹായം കവർച്ചക്കാർക്ക് ലഭിച്ചിട്ടുണ്ടെന്ന അനുമാനത്തിലാണ് പൊലീസ്. ഒരാൾ അന്വേഷണ സംഘത്തിൻെറ സംശയത്തിലുണ്ട്. എന്നാൽ ഇയാൾ കസ്റ്റഡിയിലുണ്ടോയെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടല്ല. അഷ്റഫിന്റെ ജീവനക്കാരായ ബീഹാർ സ്വദേശികളടക്കം എട്ടോളം പേരുടെ മൊഴി ഇന്നലെ പൊലീസ് എടുത്തിട്ടുണ്ട്. എല്ലാ ജീവനക്കാരുടെയും തിരിച്ചറിയൽ കാർഡ് കഴിഞ്ഞ ദിവസം തന്നെ അന്വേഷണസംഘം വാങ്ങിവച്ചിരുന്നു.