കരിവെള്ളൂർ: സംസ്ഥാന തലത്തിലും ജില്ലാതലത്തിലും നിരവധി പുരസ്‌കാരങ്ങൾ നേടിയ കരിവെള്ളൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ തൊഴിൽ മേളയിൽ വച്ച് 247 പേർക്ക് നിയമന ഉത്തരവ് ലഭിച്ചു. യുവതയെ സഹകരണ മേഖലയുമായി ചേർത്ത് നിർത്തുക, അഭ്യസ്ഥവിദ്യരായ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നീ ഉദ്ദേശങ്ങളോടെ സംഘടിപ്പിച്ച മെഗാ തൊഴിൽ മേള തികച്ചും മാതൃകാപരമായ പ്രവർത്തനമാണെന്ന് ഉദ്ഘാടനം നിർവഹിച്ച നിയമ സഭ സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. കേരളത്തിൽ ആദ്യമായാണ് ഒരു സഹകരണ ബാങ്ക് ഇത്തരത്തിൽ ഒരു മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷൻ, കേരള നോളഡ്ജ് ഇക്കോണമി മിഷൻ, സി.ഐ.ഐ, ഡി.ഡി.യു ജി.കെ.വൈ എന്നിവയുടെ സഹകരണത്തോട് കൂടിയാണ് മേള സംഘടിപ്പിച്ചത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ രാവിലെ 10 മണിക്ക് ആരംഭിച്ച മേള വൈകുന്നേരം 5 മണിക്ക് അവസാനിച്ചു. എൽ ആൻഡ് ടി, ജെ.ബി.എം. ഗ്രൂപ്പ് , ടെക് മഹീന്ദ്ര, ടാറ്റാ ഇലക്ട്രോണിക്സ്, സ്നീഡർ ഇലക്ട്രിക്കൽസ്, ആമസോൺ, പ്രീമിയർ എനർജീസ്, ആംഫിനോൾ, കോജജെന്റ് , ബ്രിട് കോആൻഡ് ബ്രിഡ് കോ തുടങ്ങിയ പ്രശസ്ത കമ്പനികളിലാണ് തൽസമയം 247 പേർക്ക് നിയമനം ലഭിച്ചത്. 583 പേരെ വിവിധ സ്ഥാപനങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ 1023 പേരെയാണ് വിവിധ സ്ഥാപനങ്ങൾ ഇന്റർവ്യൂ ചെയ്തത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.ലേജു അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. അപ്പുക്കുട്ടൻ, സഹകരണ വകുപ്പ് അസിസ്റ്റന്റ് റജിസ്ട്രാർ എൻ.കെ.സൈബുന്നീസ എന്നിവർ വിശിഷ്ടാതിഥികളായി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഗോപാലൻ, യൂണിറ്റ് ഇൻസ്പക്ടർ അജിത, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ
എം.വി.ജയൻ, ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡന്റ് കെ.വി.കുഞ്ഞിരാമൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ്
കോഓർഡിനേറ്റർ വിജിത്, ബാങ്ക് വൈസ് പ്രസിഡന്റ് പി.മുരളീധരൻ, കാർഷിക വികസന ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ. പി.സന്തോഷ്, സി.ഐ.ഐ. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ആദർശ്, ജില്ലാ പ്രോഗ്രാം മാനേജർ ലിമീഷ് ,കേരള നോളഡ്ജ് ഇക്കോണമി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ സൗമ്യ, ബാങ്ക് മുൻ പ്രസിഡന്റ് കെ.നാരായണൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് പി.വി.ചന്ദ്രൻ സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.ദിനേശൻ നന്ദിയും പറഞ്ഞു.