തളിപ്പറമ്പ്: കാറിൽ കടത്തുകയായിരുന്ന 25 കിലോഗ്രാം കഞ്ചാവുമായി കഴിഞ്ഞദിവസം തളിപ്പറമ്പിൽ പിടിയിലായത് മേഖലയിലെ പ്രധാന കണ്ണിയാണെന്ന് എക്സൈസ്. പെരിങ്ങോം മാടക്കാം പൊയിൽ മേപ്രത്ത് വീട്ടിൽ സുഭാഷ് (43) ആണ് അറസ്റ്റിലായത്. ദേശീയപാത ചിറവക്കിൽ വാഹന പരിശോധനയ്ക്കിടയിൽ ആണ് ഹോണ്ട കാറിന്റെ പ്ലാറ്റ്ഫോമിൽ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കെട്ടുകൾ പിടികൂടിയത്. കോഴിക്കോട്, വടകര, കണ്ണൂർ എന്നിവിടങ്ങളിൽ ചെറുകിട ഏജന്റിന് കഞ്ചാവ് കൈമാറിയ ശേഷം തളിപ്പറമ്പിലും, പയ്യന്നൂരിലും ചെറുകിടക്കാർക്ക് നൽകാൻ പോകുന്നതിനിടയിലാണ് അറസ്റ്റിലായത്. കോഴിക്കോട് നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നാണ് പ്രതി എക്സൈസിനോട് പറഞ്ഞത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ കെ.കെ.രാജേന്ദ്രൻ, പി.വി.ശ്രീനിവാസൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.കെ.കൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി.ശ്രീകാന്ത്, കെ.വിനോദ്, പി.വി.സനേഷ്, പി.സൂരജ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സി.വി.അനിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് കഞ്ചാവ് പിടികൂടിയത്.