
കണ്ണൂർ: വളപട്ടണത്തെ മോഷണത്തിന് പിന്നിൽ ഇതര സംസ്ഥാന സംഘമെന്ന് സൂചന.വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരി കെ.പി.അഷ്റഫിന്റ വീട്ടിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതം .അഷ്റഫിന്റെ യാത്രയെ കുറിച്ച് വ്യക്തമായി അറിയാവുന്നവരുടെ സഹായം കവർച്ചാസംഘത്തിന് ലഭിച്ചിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാന സംഘത്തിലേക്ക് പൊലീസിന്റെ സംശയം എത്തിനിൽക്കുന്നത്.
കർണ്ണാടക ,തമിഴ്നാട് കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. ഉത്തരേന്ത്യൻ സംഘങ്ങളും പൊലീസിന്റെ സംശത്തിലുണ്ട്.വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
അഷ്റഫിന്റെ ഡ്രൈവർ ഉൾപ്പെടെ ജീവനക്കാരായ ബീഹാർ സ്വദേശികളടക്കം എട്ടോളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ അഷ്റഫിന്റെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.മൊഴിയെടുത്തവരുടെ ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.വാട്സ് ആപ്പ്,ഫോൺ ഹിസ്റ്ററി,മൊബൈൽ ഗ്യാലറി ഫോട്ടോസ് ഉൾപ്പെടെയുള്ളവയുടെ പൂർണ്ണ വിവരങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്.
വിരലടയാളം നിർണ്ണായകമാകും
കവർച്ചക്കാർ മറന്നുവച്ച ഉളി വിരലടയാള വിദഗ്‌ധർ പരിശോധന നടത്തിയിട്ടുണ്ട്. ഇതിൽനിന്നു നിർണായക തെളിവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.പതിനാ റോളം വിരലടയാളങ്ങളാണ് മോഷണം നടന്ന വീട്ടിൽ നിന്നും വിദഗ്‌ധ സംഘം കണ്ടെത്തിയത്. .