കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയനായ ജില്ലാ കളക്ടർ അരുൺ കെ.വിജയനെ തൽസ്ഥാനത്തു നിന്ന് മാറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കേസ് സി.ബി.ഐക്കു കൈമാറണമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. എ.ഡി.എം മരണപ്പെടാനിടയായ സംഭവത്തിൽ അരുൺ കെ വിജയന്റെ ഇടപെടലുകൾ സംശയാസ്പദമാണ്. കലക്ടറെക്കുറിച്ച് നവീൻ ബാബുവിന്റെ കുടുംബം ഒട്ടേറെ ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ അരുൺ കെ.വിജയനെ മാറ്റി നിർത്തുക, നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് അന്വേഷണം സി.ബി.ഐക്ക് കൈമാറുക ,നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഡിസംബർ നാലിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.