കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ തെരുവുനായയുടെ അക്രമണത്തിൽ 15 പേർക്ക് പരിക്ക്. ഒരേ തെരുവുനായ ആണ് 15 പേരെയും ആക്രമിച്ചതെന്ന് കടിയേറ്റവർ പറഞ്ഞു. പിന്നീട് ഈ തെരുവുനായയെ മറ്റു നായകൾ ചേർന്ന് ആക്രമിക്കുകയും

റെയിൽവേ ക്വാട്ടേഴ്സിന് സമീപം നായയെ ചത്ത നിലയിൽ കണ്ടെത്തുകയുമായിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

കാസർകോട്‌ സ്വദേശി ബി. ഗീത (22), കാപ്പാട്ടെ എം.ഒ.ചന്ദ്രൻ (72), തലശേരിയിലെ എം.എം.പത്മനാഭൻ (72), കാഞ്ഞിരോട്ടെ പി.വി.സനേഷ് (35), പുളിങ്ങോത്തെ അനിത ജോൺ (29), ചൊവ്വയിലെ രാഹുൽരാജ് (27), ചെറുകുന്നിലെ എം.ഷൈമ (36), കിഴുന്നപ്പാറയിലെ എം.ജിസി, ഒഡിഷ സ്വദേശി ബെസന്ത് സാഹു (23), മമ്പറത്തെ നെഫ്സീർ ഇസ്‌മയിൽ (34), അഴീക്കോട്ടേ വി.സുഷമ (50), കൊട്ടിലയിലെ സൈനബുറിസ (21), നെടിയേങ്ങയിലെ അഭിൻ ജെയിംസ് (27), തളിപ്പറമ്പ് കുറ്റിക്കോലിലെ കെ.ബാലൻ നമ്പ്യാർ (82), അസം സ്വദേശി ഇൻജമുൽ (18) എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.

റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടം വാഹനം പാർക്ക് ചെയ്യുന്നിടുത്തു വച്ചും റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ളാറ്റ്ഫോമിൽ ട്രെയിൻ കാത്തു നിൽക്കുന്ന യാത്രക്കാരെയും പ്രധാന പ്രവേശന കവാടത്തിന് സമീപം ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് എടുക്കാൻ നിൽക്കുന്നവരെയുമാണ് തെരുവുനായ ആക്രമിച്ചത്.

പരിക്കേറ്റവർ ഓരോരുത്തരായി ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് സംഭവത്തിന്റെ ഭീകരത പുറത്തറിയുന്നത്.

ഏറെ ശാന്തമായി അടുത്തെത്തിയ ഈ നായ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഓരോരുത്തരെയും ആക്രമിച്ചതെന്ന് കടിയേറ്റവർ പറഞ്ഞു. ചിലരെ നായ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ഇന്നലെ രാവിലെ ഒമ്പത് മുതൽ തന്നെ കിഴക്കേ കവാടം പരിസരത്ത് തെരുവനായ പരാക്രമണം തുടങ്ങിയിരുന്നു. ശുചീകരണ തൊഴിലാളിയുടേയും പാസഞ്ചർ ട്രെയിനിൽ പയ്യന്നൂരിൽ നിന്നും വന്ന യാത്രക്കാരന്റെയും വസ്ത്രം നായ ആദ്യം കടിച്ചു പറിക്കുകയുണ്ടായി. ഈ നായയെ സ്റ്റേഷൻ ജീവനക്കാരും മറ്റും ചേർന്ന് ഓടിക്കുകയായിരുന്നു. പിന്നീട് നായ ഉച്ചക്ക് ശേഷം പല യാത്രക്കാർക്കു നേരെയും തിരിയുകയായിരുന്നു.

സ്റ്റേഷനിൽ എത്തിയവരെ ആക്രമിച്ച നായയെ കടിച്ചുകൊന്ന മറ്റ് തെരുവുനായകൾക്ക് പേ ഉണ്ടോ എന്ന ആശങ്കയും പലരും പങ്കു വയ്ക്കുന്നുണ്ട്. ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് പിൻതുടർന്ന് തിരഞ്ഞപ്പോഴാണ് റെയിൽവേ ക്വാർട്ടേഴ്സിന് സമീപം കറുപ്പും വെളുപ്പും നിറത്തിലുള്ള ഈ നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. ആക്രമണം നേ രിട്ടവരിൽ ഏഴു പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

തെരുവുനായ ശല്യം രൂക്ഷം

ഏറെ നാളായി റെയിൽവേ സ്റ്റേഷനിൽ തെരുവുനായ ശല്യം രൂക്ഷമാണ്. പ്രധാന പ്രവേശന കവാടം, പ്ലാറ്റ് ഫോം, കിഴക്കേ കവാടം, റിസർവേഷൻ കൗണ്ടറുകൾ എന്നിവിടങ്ങളിൽ നായകൾ കൂട്ടത്തോടെയാണ് എത്തുന്നത് . പ്ലാറ്റ് ഫോമിൽനിന്ന് മുമ്പും നിരവധി പേർക്ക് കടിയേറ്റിരുന്നു. നേരത്തെ കോർപ്പറേഷൻ അധികൃതരെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് വിവരമറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് റെയിൽവേ പറഞ്ഞു. ഭക്ഷണ അവിശിഷ്ടങ്ങൾ ധാരാളമായി ഉള്ളതും തെരുവു നായകൾ കൂടാൻ കാരണമാകുന്നുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.