
ഉദിനൂർ: നാലാം ക്‌ളാസിലെ 'കലകളുടെ നാട്' പാഠം അനുഭവത്തിലൂടെ പഠിക്കാൻ എടച്ചാക്കൈ എ.യു.പി സ്കൂളിലെ കുട്ടികൾ തിരഞ്ഞെടുത്തത് റവന്യു ജില്ലാ സ്കൂൾ കലോത്സവ നഗരി. പരിസര പഠനം മലയാളം പാഠപുസ്തകത്തിലെ അഞ്ചാമത്തെ യൂണിറ്റ് ആയി കലകളുടെ നാട് എന്നതിൽ ഓണാഘോഷം, നാടൻ കളികൾ, ലാഹോറി കളി, ഓളപ്പന്ത് കളി, ഭരതനാട്യം. മോഹിനിയാട്ടം, കുച്ചുപ്പുടി, ഉത്സവം , അടിസ്ഥാന കലാരൂപങ്ങൾ എന്നിവ പഠിക്കാനുണ്ട്. ഇതിൽ അധിക കലകളും നേരിൽ കണ്ടുപഠിക്കാൻ പറ്റിയ അവസരമാക്കി അദ്ധ്യാപകർ കലോത്സവവേദി തിരഞ്ഞെടുക്കുകയായിരുന്നു.രണ്ടാംവേദിയായ മാന്തോപ്പിൽ കുച്ചുപ്പുടി മത്സരം ആവോളം ആസ്വദിച്ച കുട്ടികൾ മറ്റ് നൃത്തങ്ങൾ, മെയ്ക്കപ്പ് റൂമുകൾ, ഒരുക്കങ്ങൾ തുടങ്ങിയവയെല്ലാം കണ്ടുമനസിലാക്കി.
പ്രധാനാദ്ധ്യാപകൻ ഇ.പി.വത്സരാജിന്റെ നേതൃത്വത്തിൽ അദ്ധ്യാപികരായ കെ.രജിത, എം.പി.ദിവ്യ, കെ.വി.ജയശ്രി, കെ. സൽമത്ത്, സി കെശ്രീധരൻ എന്നിവരാണ് കുട്ടികളെ കലാരൂപങ്ങൾ പരിചയപ്പെടുത്താൻ ഒപ്പമെത്തിയിരുന്നത്.