നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കളിയാട്ടത്തിനിടെ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ച ആംബുലൻസ് ഡ്രൈവർമാർക്ക് ഒരുമാസമായിട്ടും പ്രതിഫലം ലഭിച്ചില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ഒക്ടോബർ 28 ന് രാത്രി 12 മണിക്ക് ശേഷമാണ് ക്ഷേത്ര കളിയാട്ടത്തിനിടെ വെടിക്കെട്ടപകടത്തിൽ 110 ഓളം പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ കണ്ണൂർ, കോഴിക്കോട്, മംഗളൂരു ആശുപത്രികളിൽ വരെ എത്തിച്ചാണ് ചികിത്സ നല്കിയത്.

ആദ്യം സ്വകാര്യ വാഹനങ്ങളിലായിരുന്നു പരിക്കേറ്രവരെ ദുരന്തഭൂമിയിൽ നിന്ന് കൊണ്ടുപോയിരുന്നത്. അടുത്തുള്ള ആശുപത്രിയിലുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാർ നല്കിയ വിവരമനുസരിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവർമാർ വരെ സന്ദർഭോജിതമായി രംഗത്തിറങ്ങുകയായിരുന്നു.

48 ഓളം ആംബുലൻസുകൾ എത്തിയാണ് പൊള്ളലേറ്രവരെ വിവിധ ആശുപത്രികളിലെത്തിച്ചത്. രോഗികളിൽ 6 പേർ മരിക്കുകയും, 21 പേർ ഇപ്പോഴും മംഗളൂരു എ.ജെ ആശുപത്രിയിൽ ചികിത്സയിലുമാണ്. ബാക്കിയുള്ളവർ ആശുപത്രി വിട്ട് വീട്ടിൽ ചികിത്സയിൽ കഴിയുകയാണ്.

എന്നാൽ സ്വന്തം ജീവൻ പോലും വകവെക്കാതെ രോഗികളെയും കൊണ്ട് ആശുപത്രിയിലെത്തിച്ച 18 ഡ്രൈവർമാർക്ക് ഇത് വരെയായി അവരുടെ ചാർജ് കിട്ടിയിട്ടില്ല. രോഗികളുടെ എണ്ണം കൂടിയതിനാൽ ഇവർക്ക് അവരെ തിരിച്ചറിയാനും പറ്റിയില്ല. ചുരുക്കം ചില രോഗികളുടെ ബന്ധുക്കൾ ആംബുലൻസ് ചാർജ് നൽകിയെങ്കിലും 18 ഡ്രൈവർമാർക്ക് 4000 രൂപ തോതിൽ ഇന്നും കിട്ടാനുണ്ട്. ചാർജ് കിട്ടാനുള്ള ഡ്രൈവർമാർ നഗരസഭ ചെയർപേഴ്സൺ, തഹസിൽദാർ, മെഡിക്കൽ ഓഫീസർ എന്നിവർക്ക് ലിസ്റ്റ് കൊടുത്തെങ്കിലും ഇതുവരെ അനുകൂലമായ നടപടി കൈക്കൊണ്ടിട്ടില്ല.