
ഉദിനൂർ: സിനിമയിലും മിനി സ്‌ക്രീനുകളിലും കണ്ടുപരിചയിച്ച ഹിപ്പിമുടി ക്രോപ്പ് ചെയ്ത് കലോത്സവ വേദിയിൽ പ്രത്യക്ഷപ്പെട്ട നടൻ ഉണ്ണിരാജ് ചെറുവത്തൂരിനെ കണ്ട് ആദ്യമാരും തിരിച്ചറിഞ്ഞില്ല. 'ഹലോ എന്തുണ്ട് വിശേഷം, ഞാൻ ഉണ്ണിരാജ്..' എന്ന് അങ്ങോട്ടുകേറി പറഞ്ഞപ്പോഴാണ് അടുപ്പക്കാരിൽ പലരും നാടിന്റെ സ്വന്തം താരത്തെ തിരിച്ചറിഞ്ഞത്. കലോത്സവം കണ്ടാൽ ചാടിയിറങ്ങുന്ന മൈം ഉണ്ണി ഉദിനൂരിൽ എത്തിയതും അതെ ആവേശത്തിൽ.
കാഞ്ഞങ്ങാടും സമീപപ്രദേശങ്ങളിലുമായി ചിത്രീകരണം തുടങ്ങിയ പുതിയ സിനിമയിൽ മുഴുനീള വേഷത്തിനായാണ് ഉണ്ണിരാജ് തന്റെ ട്രേഡ് മാർക്കായ മുടിമുറിച്ചത്. കലോത്സവ നഗരിയിൽ ട്രോഫി കമ്മിറ്റിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചതും നടനായിരുന്നു. കുറച്ച് പരിപാടികൾക്കായി നാളെ ദുബായിലേക്ക് പോകുന്നതിന് മുമ്പ് കലോത്സവ നഗരിയിലെത്തുകയായിരുന്നു താരം.
വീട്ടിലെ കഷ്ടപ്പാടുമൂലം പത്താംക്ലാസിനു ശേഷം പെയിന്റ് പണിയുൾപ്പെടെ പലവിധ ജോലികളും ചെയ്ത ഉണ്ണിരാജ് പിന്നീട് നാടകം, മൂകാഭിനയം, സ്‌കിറ്റ് എന്നിവയിൽ സംസ്ഥാനത്ത് തന്നെ പ്രധാന പരിശീലകരിൽ ഒരാളായി മാറുകയായിരുന്നു. ഇന്നും ഉണ്ണി ഇല്ലെങ്കിൽ മത്സരം വേണ്ടെന്ന് വെക്കുന്ന സ്കൂളുകളുണ്ടെന്ന് നടൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
നീലേശ്വരം സ്‌കോളർ കോളേജിൽ നിന്ന് പ്രീഡിഗ്രി പാസ്സായി. പിന്നീട് പെയിന്റ് പണിയ്ക്കിടയിലാണ് സ്‌കൂൾ കലോത്സവ സീസണുകളിൽ കുട്ടികൾക്ക് പരിശീലനം നല്‍കുന്നതിന് സമയം കണ്ടെത്തിയിരുന്നത്. പരിശീലിപ്പിച്ച കുട്ടികൾ ജില്ലാ-സംസ്ഥാന കലോത്സവങ്ങളിൽ സമ്മാനം നേടിത്തുടങ്ങിയതോടെ തിരക്കായി. നാടകം വഴിയാണ് ഉണ്ണിരാജ് സിനിമയിൽ എത്തിയത്. ഉദിനൂരിലെ സംഘാടനം അത്ഭുതമാണെന്നായിരുന്നു നടന്റെ അഭിപ്രായം.
28 കൊല്ലം കേരളത്തിൽ വിവിധ ജില്ലകളിൽ ജില്ലാ സംസ്ഥാന കലോത്സവങ്ങളിൽ കുട്ടികളുമായി പങ്കെടുത്തു. ചെറിയ പ്രായത്തിൽ കലോത്സവങ്ങളിൽ മത്സരിക്കാൻ കഴിയാതിരുന്ന സങ്കടം മാറ്റുന്നത് കുട്ടികളുമായുള്ള ഈ യാത്രകളിലൂടെയാണ്. മൈം, സ്കിറ്റ്, നാടകം എന്നിവ അനേകം കുട്ടികളെ പഠിപ്പിച്ചു. കലോത്സവങ്ങളുടെ ഊർജവും ആവേശവും വേറൊരു ലെവലാണ്. കലോത്സവങ്ങൾക്കായി എത്ര വേണമങ്കിലും യാത്ര ചെയ്യും. അതെന്റെ വലിയ ആഗ്രഹമാണ്. ഈ നിലയിൽ എത്തിച്ചത് ഈയൊരു അനുഭവവും നാട്ടിൻപുറങ്ങളിൽ നിന്ന് കിട്ടിയ ബലവും ആയിരിക്കാം-ഉണ്ണിരാജ് ചെറുവത്തൂർ