പാനൂർ: വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾക്ക് നിർമ്മാണ ചെലവിന്റെ ഒരു ശതമാനം സെസ് നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് പിരിച്ചെടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നേരിട്ട് ചുമതലപ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരെ പ്രമേയവുമായി പാനൂർ നഗരസഭ. യു.ഡി.എഫ് അംഗം എം.പി.കെ.അയൂബാണ് പ്രമേയം അവതരിപ്പിച്ചത്. നേരത്തെ സെസ് പിരിച്ചിരുന്നത് ജില്ല ലേബർ ഓഫീസ് മുഖേന തവണകളായിട്ടായിരുന്നു. എന്നാൽ നഗരസഭ മുഖേന സെസ് ഈടാക്കുമ്പോൾ സെസ് അടച്ച രസീതി നഗരസഭയിൽ നല്കിയാൽ മാത്രമേ കെട്ടിടത്തിന് നമ്പർ ലഭിക്കുകയുള്ളൂ. ഇതിലൂടെ സാധാരണക്കാർക്ക് ബുദ്ധിമുട്ടും സാമ്പത്തിക പ്രയാസവും നേരിട്ടിരിക്കുകയാണെന്ന പ്രമേയമാണ് അയൂബ് അവതരിപ്പിച്ചത്. ഷീബ പ്രമേയത്തെ പിന്താങ്ങി. ലേബർ ഓഫീസിൽ സെസ് കൃത്യമായി പിരിച്ചെടുക്കാനുള്ള എല്ലാ സംവിധാനങ്ങളും, സ്റ്റാഫും നിലവിലുണ്ട്. എന്നിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നികുതി പിരിച്ചെടുക്കാനുള്ള ഏജൻസിയാക്കി മാറ്റുകയാണിവിടെയെന്ന് പ്രമേയത്തെ അനുകൂലിച്ച് ചെയർമാൻ വി.നാസറും പറഞ്ഞു.
എൽ.ഡി.എഫ് അംഗങ്ങൾ പ്രമേയത്തെ എതിർത്തു. കേന്ദ്ര സംസ്ഥാന സർക്കാർ വിരുദ്ധ നിലപാടാണ് നഗരസഭ സ്വീകരിക്കുന്നതെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. ഏത് നികുതിപിരിവും നടപ്പിൽവരുത്തേണ്ടത് പ്രാദേശിക സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. ബന്ധപ്പെട്ട പരാതിയുണ്ടെങ്കിൽ ചെയർമാന്, മന്ത്രിമാരോടോ ചേംബറിനെയോ ബോധ്യപ്പെടുത്താമായിരുന്നു. അവിടെയൊന്നും പോകാതെ പ്രമേയം അവതരിപ്പിക്കുന്നത് സർക്കാർ വിരുദ്ധ നിലപാടാണെന്ന് എൽ.ഡി.എഫ് അംഗം കെ.കെ.സുധീർ പറഞ്ഞു. തുടർന്ന് ബഹളമയമായ അന്തരീക്ഷത്തിൽ കൈയുയർത്തിയുള്ള വോട്ടെടുപ്പോടെ പ്രമേയം അംഗീകരിച്ചു.
പാനൂർ നഗരസഭ ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി ഡി.പി.ആർ തയ്യാറാക്കുന്നതിനുവേണ്ടി സ്ഥലത്തിന്റെ സോയിൽ ടെസ്റ്റ് നടത്തുന്നതിന് ഊരാളുങ്കൽ സൊസൈറ്റിയെ ചുമതലപ്പെടുത്തി. കെ.പി ഹാഷിം, ടി.കെ.ഹനീഫ, പി.കെ. പ്രവീൺ, സി.എച്ച് സ്വാമിദാസൻ, കെ.ദാസൻ, ബിന്ദു മോനാറത്ത്, സി.കെ.ജില, എൻ.എ.കരിം, ആവോലം ബഷീർ, കെ.കെ സജിനി ചർച്ചയിൽ പങ്കെടുത്തു.
വയോമിത്രം ജീവനക്കാർക്ക് ശമ്പളമില്ല
എ.എം രാജേഷ് വയോമിത്രം ജീവനക്കാർക്ക് വേതനം ലഭ്യമാകാത്തത് സംബന്ധിച്ചുള്ള പ്രമേയം അവതരിപ്പിച്ചു. ടി.കെ.ഹനീഫ പിന്താങ്ങി. നഗരസഭയിൽ പ്രവർത്തിക്കുന്ന വയോമിത്രം പദ്ധതിയിലെ ഡോക്ടർക്കും സ്റ്റാഫിനും, മറ്റും മൂന്നു മാസത്തിലധികമായി വേതനം ലഭിക്കാത്തതിന്റെ പേരിൽ ബുദ്ധിമുട്ടുകയാണ്. ഇവരുടെ സംഘടന സംസ്ഥാന തലത്തിൽ പണിമുടക്ക് നടത്തുകയും ചെയ്തു. നഗരസഭ വാർഷിക പദ്ധതിയിൽപ്പെടുത്തി 10 ലക്ഷം രൂപ നല്കിയിട്ടും ജീവനക്കാർക്ക് വേതനം നല്കാൻ സംസ്ഥാന സർക്കാറിന് സാധിക്കുന്നില്ലെന്ന് പ്രമേയം കുറ്റപ്പെടുത്തി. എൽ.ഡി.എഫ് ഇതിനെയും എതിർത്തു. ബി.ജെ.പി അംഗം കെ.പി.സാവിത്രി പ്രമേയത്തെ അനുകൂലിച്ചു.