കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവ് നായക്ക് പേ വിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. റെയിൽവേ സ്റ്റേഷൻ ക്വാർട്ടേഴ്സിന് സമീപം ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റുമോർട്ടം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടത്തിയപ്പോഴാണ് തെരുവ് നായക്ക് പേ വിഷബാധയുണ്ടെന്ന് വ്യക്തമായത്. ബുധനാഴ്ച ഉച്ച മുതലാണ് തെരുവ് നായയുടെ അക്രമം ഉണ്ടായത്.

ആദ്യം റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്ഫോമിൽ നിന്നും രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്ന് യാത്രക്കാരെ കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് നാലോടെ യാത്രക്കാരെ കടിച്ചു പരിക്കേൽപ്പിച്ചു. ടിക്കറ്റെടുക്കാൻ ക്യൂവിൽ നിന്ന യാത്രക്കാർക്കും കടിയേറ്റു. യാത്രക്കാരിൽ മിക്കവർക്കും കൈകാലുകൾക്കാണ് കടിയേറ്റത്.

പിന്നീട് ഇതേ നായയെ ഒരു കൂട്ടം നായകൾ ചേർന്ന് ആക്രമിക്കുകയും റെയിൽവേ ക്വാർട്ടേഴ്സിന് സമീപം നായയെ ചത്ത നിലയിൽ കണ്ടെത്തുകയുമായിരുന്നു. കടിയേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും പേ വിഷബാധയ്ക്കുള്ള കുത്തിവെയ്പ്പെടുത്തിരുന്നു. ഏഴു പേർക്കാണ് സാരമായി പരിക്കേറ്റത്.

കടിച്ചത് പേപ്പട്ടിയാണെന്ന് അറിഞ്ഞതോടെ യാത്രക്കാർ ഭീതിയിലാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിയുന്ന നൂറോളം തെരുവ് നായ്ക്കളുണ്ടെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.