നീലേശ്വരം: കുറുവ സംഘമെന്ന് സംശയിക്കുന്ന രണ്ടംഗ സംഘത്തിന്റെ സി.സി ടി.വി ദൃശ്യം നീലേശ്വരം പൊലീസ് പുറത്ത് വിട്ടു. കുറുവ സംഘങ്ങളെ കുറിച്ചുള്ള ഭീതി പരത്തുന്ന വാർത്തകൾക്കിടയിലാണ് നമുക്കിടയിലുള്ള ചില അപരിചിതരുടെ സാന്നിധ്യം ശ്രദ്ധിക്കാതെ പോകരുതെന്ന നിർദ്ദേശവുമായി പൊലീസ് രംഗത്തുവന്നത്. കഴിഞ്ഞ ദിവസം പടന്നക്കാട് ഒരു വീട്ടിലെ സി.സി ടി.വി.ക്യാമറയിൽ പതിഞ്ഞ മോഷ്ടാക്കളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഇവരെ ശ്രദ്ധിക്കണമെന്നും പൊലീസിൽ അറിയിക്കണമെന്നും നീലേശ്വരം പൊലീസ് പറഞ്ഞു. പ്രധാന റോഡിൽ നിന്നും പടന്നക്കാട്ടെ ഇടവഴിയിലേക്ക് കയറുന്ന ആരോഗ്യവാൻമാരായ രണ്ട് യുവാക്കൾ വീടുകളെ വ്യക്തമായി വീക്ഷിക്കുന്നത് ദൃശ്യത്തിലുണ്ട്. കുറുവ സംഘത്തിൽ പെട്ടവരാകാം ഇതെന്ന സംശയത്തെ തുടർന്നാണ് ദൃശ്യം പുറത്തുവിട്ടതെന്ന് പറയുന്നു. ഇവരെ കാണുന്നവർ ഉടൻ വിവരം അറിയിക്കണമെന്നും വീട്ടുകാർ മുഴുവൻ ശ്രദ്ധിക്കണമെന്നും പൊലീസ് പറഞ്ഞു. പൊലീസിന്റെ ഫോൺ 9497980928 എം.വി. വിഷ്ണുപ്രസാദ് , സബ് ഇൻസ്‌പെക്ടർ നീലേശ്വരം, ജനമൈത്രി ബീറ്റ് ഓഫീസേഴ്സ് രാജേഷ് 9497927904, ദിലീഷ് പള്ളിക്കൈ 9497928799.