പാപ്പിനിശ്ശേരി: സി.പി.എം പാപ്പിനിശേരി ഏരിയ സമ്മേളനം 30, ഡിസംബർ 1 തീയതികളിൽ കണ്ണപുരത്ത് നടക്കുമെന്ന് ഏരിയാ സെക്രട്ടറി ടി.ചന്ദ്രൻ അറിയിച്ചു. കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ 30ന് രാവിലെ 9.30ന് കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 150 പ്രതിനിധികളും 21 ഏരിയ കമ്മിറ്റി അംഗങ്ങളുമടക്കം 171 പേർ പങ്കെടുക്കും. പൊതുസമ്മേളനം ഒന്നിന് വൈകിട്ട് 4.30ന് കതിരുവെക്കും തറക്ക് സമീപം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ ഭാഗമായി പതാക -കൊടിമര -ദീപശിഖാ ജാഥകൾ 29ന് വൈകിട്ട് നടക്കും. കെ.നാരായണൻ നയിക്കുന്ന ദീപശിഖാ പ്രയാണം കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പതാക ജാഥ 4.30ന് മനോജ് രക്തസാക്ഷി കുടീരത്തിൽ നിന്നാരംഭിക്കും. പി.ഗോവിന്ദൻ നയിക്കുന്ന ജാഥ സംസ്ഥാന കമ്മിറ്റിയംഗം ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും. പി.പി.ഷാജിർ ലീഡറായ കൊടിമര ജാഥ കണ്ണപുരം ചുണ്ട റിജിത്ത് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കും. എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറോടെ പൊതു സമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ എൻ.ശ്രീധരൻ പതാക ഉയർത്തും. വാർത്താ സമ്മേളനത്തിൽ ഏരിയാ സെക്രട്ടറി ടി.ചന്ദ്രൻ, എൻ.ശ്രീധരൻ, കെ.വി.രാമകൃഷ്ണൻ, പി.ഗോവിന്ദൻ, പി.പി.ഷാജിർ, കെ.വി.ശ്രീധരൻ, ടി.വി.രഞ്ജിത്, എം.ഗണേശൻ, കെ.ശിവദാസൻ എന്നിവർ സംബന്ധിച്ചു.