
ഉദിനൂർ: ഓട്ടംതുള്ളലിലും നാടകാഭിനയത്തിലും ഓർക്കസ്ട്രയിലും തിളങ്ങി കമ്പല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ബി.കെ ഋതുനന്ദ്. ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളിൽ ഓട്ടം തുള്ളലിൽ ഒന്നാംസ്ഥാനം നേടിയ ഋതുനന്ദ് ചിറ്റാരിക്കൽ ഉപജില്ലയുടെ പുലി നാടകത്തിലെ അഭിനയത്തിന് മികച്ച നടനുമായി. രണ്ട് വർഷം തുടർച്ചയായി ഓർക്കസ്ട്രയിൽ ഒന്നാം സ്ഥാനത്താണ്. ഓട്ടം തുള്ളലിൽ കഴിഞ്ഞ രണ്ട് വർഷവും ജില്ലയിൽ രണ്ടാം സ്ഥാനത്തായിരുന്നു. ആറാം ക്ലാസ് മുതൽ ഓട്ടം തുള്ളൽ അഭ്യസിച്ചു വരുന്ന ഋതുനന്ദ് അവാർഡ് ജേതാക്കളായ പയ്യന്നൂർ കൃഷ്ണൻകുട്ടിയുടേയും കരിവെള്ളൂർ രത്നകുമാറിന്റെയും ശിഷ്യനാണ്. ഉദിനൂരിൽ താരത്തെ അണിയിച്ചൊരുക്കാൻ ഗുരുനാഥൻ കരിവെള്ളൂർ രത്നകുമാർ നേരിട്ടെത്തിയിരുന്നു. സദ്യവട്ടവും ഐരാവതവും ആടിയാണ് തുള്ളലിൽ ഒന്നാമതെത്തിയത്.