കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പേ വിഷബാധയേറ്റെന്ന് സംശയിക്കുന്ന പട്ടികൾക്ക് വാക്സിനേഷനുള്ള നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊള്ളാൻ തീരുമാനം. കണ്ണൂർ റെയിൽവേ ലോഞ്ചിൽ വിളിച്ച് ചേർത്ത ജനപ്രതിനിധികളുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലാണ് തീരുമാനം. അഡീഷണൽ ഡിവിഷൻ റെയിൽവേ മാനേജർ എസ്.ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. പേ വിഷബാധയേറ്റ തെരുവനായയെ കടിച്ച്‌കൊന്ന മറ്റ് തെരുവുനായകളെ പിടികൂടി വാക്സിനേഷൻ നൽകുന്നതിനുള്ള നടപടിയിലേക്ക് മൃഗസംരക്ഷണ വകുപ്പ് കടന്നിട്ടുണ്ട്. ഒപ്പം അലഞ്ഞു തിരിയുന്ന തെരുവു നായകളെ പിടികൂടി വന്ധ്യംകരണം ചെയ്യുന്ന പദ്ധതി രണ്ട്, മൂന്ന്, നാല് തീയതികളിലായി നടപ്പിലാക്കും.
രൂക്ഷമായ തെരുനായ ശല്യം പരിഹരിക്കാൻ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. കഴിഞ്ഞദിവസം റെയിൽവേ സ്റ്റേഷനിലെത്തിയ 15ലധികം യാത്രക്കാരെ തെരുവുനായ കടിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ പ്രത്യേക യോഗം ചേർന്നത്.
ഭക്ഷണാവശിഷ്ടങ്ങൾ പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കി ക്രിയാത്മകമായി മാലിന്യങ്ങൾ സംസ്‌കരിക്കാനും യാത്രക്കാർ അവരുടെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും തെരുവു നായകൾക്ക് കൊടുക്കുന്നത് കർശ്ശനമായി ഒഴിവാക്കാനും റെയിൽവേ അധികൃതർ നിർദേശിച്ചു. പ്ലാറ്റ്‌ഫോമിൽ നായകൾക്ക് ഭക്ഷണം നൽകുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും മാലിന്യം നിക്ഷേപിക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധചെലുത്തണം.
ചീഫ് മെഡിക്കൽ സൂപ്രണ്ട്, സീനിയർ ഡിവിഷണൽ എൻജിനീയർ, ഡിവിഷണൽ എൻവിയോൺമെന്റൽ ആൻഡ‌് ഹൗസ് കീപ്പിംഗ് മാനേജർ, കണ്ണൂർ സ്റ്റേഷൻ റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി, കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി.ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. ടി.സരള, അസി.ഡിവിഷണൽ റെയിൽവേ മാനേജർ എസ്.ജയകൃഷ്ണൻ, സിറ്റി അസി. പൊലീസ് കമ്മിഷണർ ടി.കെ.രത്നകുമാർ, പാലക്കാട് ഡിവിഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഡി.സി.പ്രദീപ്, ആർ.പി.എഫ് ഇൻസ്‌പെക്ടർ വർഗീസ്, കണ്ണൂർ റെയിൽവേ മാനേജർ സജിത്ത് എന്നിവർ പങ്കെടുത്തു.
പ്രവർത്തനം വകുപ്പുകളെ ഏകോപിപ്പിച്ച്
റെയിൽവേ പ്രതിനിധികളോടൊപ്പം കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, റവന്യൂ, പൊലീസ്, ആരോഗ്യം, മൃഗസംരക്ഷണം എന്നീ വകുപ്പുകളേയും ഏകോപിപ്പിച്ചു കൊണ്ടാണ് മോണിറ്ററിംഗ് കമ്മിറ്റി പ്രവർത്തിക്കുക. ഇതിൽ എൻ.ജി.ഒ, സൊസൈറ്റി
ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് (എസ്.പി.സി.എ ) പ്രതിനിധികളുമുണ്ടാകും.
വാക്സിൻ ലഭ്യത ഉറപ്പുവരുത്തി
ജില്ലാ ആരോഗ്യ വകുപ്പിലെ പ്രോഗ്രാം ഓഫീസർമാരുടെ അടിയന്തര യോഗം ഡി.എം.ഒ ഡോ. പിയുഷ് എം.നമ്പൂതിരിപ്പാട് വിളിച്ചു ചേർത്തു. പേവിഷ വാക്സിന്റെ ലഭ്യത ജില്ലയിലെ പ്രധാന ആശുപത്രികളിൽ ഉറപ്പു വരുത്തിയിട്ടുണ്ട്. സ്റ്റോക്കുകൾ ബന്ധപ്പെട്ട ആശുപത്രികൾ യഥാസമയം കൃത്യമായി ജില്ലാ മെഡിക്കൽ ഓഫീസിനെ അറിയിക്കാൻ നിർദേശിച്ചു. വിവിധ വകുപ്പുകളുമായി സംയുക്ത യോഗം ചേരാനും തുടർനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
കടിയേറ്റവർക്ക് നഷ്ട പരിഹാരം നൽകുന്നത് സംബന്ധിച്ച് നിലവിൽ തീരുമാനമായിട്ടില്ല. കടിയേറ്റവരെല്ലാം റാബിസ് വാക്സിനേഷൻ എടുത്തിട്ടുണ്ട്. ആരോഗ്യ വകുപ്പ് ബന്ധപ്പെട്ട തുടർ നടപടികൾ എടുക്കുന്നുണ്ട്.
എസ്.ജയകുമാർ, അഡീഷണൽ ഡിവിഷൻ റെയിൽവേ മാനേജർ