mohini

ഉദിനൂർ: കലോത്സവവേദിയിലെ മിക്ക നൃത്തങ്ങളുടെ അവതരണത്തിലും യൂ ട്യൂബ് പരിശീലനത്തിന്റെ സ്വാധീനം പ്രകടമായി.

പരമ്പരാഗത രീതിയിൽ ഗുരുക്കന്മാർക്കൊപ്പം മാസങ്ങളും വർഷങ്ങളും നീളുന്ന ക്ഷമാപൂർവമായ അഭ്യസനമെന്ന സമ്പ്രദായത്തെ തന്നെ മാറ്റിമറിക്കുന്ന ഇൻസ്റ്റന്റ് രീതിയാണ് ക്ളാസിക്ക് നൃത്തങ്ങളിൽ മിക്ക കുട്ടികളും പിന്തുടരുന്നത്.

പാട്ടുകളിലും പുതുമകൾ ഇല്ലായിരുന്നു. പാടി പതിഞ്ഞ കൃഷ്ണനാട്ടവും പ്രണയവും പാഞ്ചാലികഥയുമായിരുന്നു ഭൂരിഭാഗവും. മിക്കവരും കലോത്സവ ആവശ്യത്തിനായി ഏതാനും ആഴ്ചകളോ മാസങ്ങളോ മാത്രം ഗുരുക്കന്മാരുടെ സമീപിച്ച് പഠിച്ചാണ് വേദിയിലെത്തുന്നത്. ഒപ്പം പ്രശസ്തരുടെ യുട്യൂബ് വീഡിയോകൾ കണ്ട് അതിനനുസരിച്ച് ചില പുതുമകൾ കൊണ്ടുവരുന്നുമുണ്ട്. പദങ്ങളിലും അവതരണങ്ങളിലുമെല്ലാം അതിനനുസരിച്ച മാറ്റങ്ങളുണ്ടാകുന്നുണ്ടെന്ന് വിധികർത്താക്കൾ പറയുന്നു. പാരമ്പര്യ ശൈലികളിൽ ഊന്നിനിൽക്കുമ്പോഴും പലരുടെയും ചലനങ്ങൾ ദ്രുതമായിപ്പോകുന്നു. രസങ്ങൾ തന്മയീഭാവത്തോടെ അവതരിപ്പിക്കാൻ പുതിയ കുട്ടികളിൽ പലർക്കും കഴിയുന്നില്ല.മിക്കവരിലും ചെറിയൊരു തരം കൃത്രിമത്വം അനുഭവപ്പെടുന്നുവെന്നാണ് ഈ രംഗത്ത് അവഗാഹമുള്ളവർ പറയുന്നത്.