
ഉദിനൂർ: ഹൈസ്ക്കൂൾ വിഭാഗം പൂരക്കളിയിൽ പിലിക്കോടിന്റെ ആധിപത്യം. ഒന്നും അഞ്ചും നിറങ്ങളും രാമായണവും ചിന്തും തനിമ ചോരാതെ കളിച്ച പിലിക്കോട് സി.കെ.എൻ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് സംസ്ഥാനതല യോഗ്യത നേടിയത്. രാമായണം കഴിഞ്ഞയുടനെ തലകറക്കവും ക്ഷീണവും മൂലം ഒരു കുട്ടിയ്ക്ക് പ്രയാസം ഉണ്ടായെങ്കിലും ഒട്ടും വിട്ടുകൊടുക്കാതെ ടീം മനോഹരമായി കളിച്ചുകയറുകയായിരുന്നു. ആറു ടീമുകൾ പങ്കെടുത്ത മത്സരത്തിൽ അപ്യാൽ പ്രമോദിന്റെ ശിക്ഷണത്തിൽ ദീപക് ഗോപി, നന്ദകിഷോർ, ആഥിത്യൻ, ദേവർഷ്, അമർനാഥ്, അക്ഷയ്, സായന്ത്, സായൂജ്, ആദിഷ്, അഭിരാം, അഭിനന്ദ്, രസ് വിൻ രാജ് എന്നീ വിദ്യാർത്ഥികളാണ് വിജയ ശിൽപ്പികളായി അരങ്ങിൽ കസറിയത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് സ്കൂളിന്റെ ടീം എ ഗ്രേഡ് നേടിയിരുന്നു.