പയ്യന്നൂർ: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ആരാധനാ മഹോത്സവം ഇന്ന് സമാപിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ ക്ഷേത്ര സന്നിധിയിൽ പ്രസാദ ഊട്ട് നടക്കും. 25000 ത്തോളം ഭക്തജനങ്ങൾ പങ്കെടുക്കുമെന്ന അനുമാനത്തിലാണ് പ്രസാദ ഊട്ടിന് ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്. പാലക്കാട് വടക്കുംചേരി പുതുക്കോട് പരമേശ്വൻ സ്വാമി എന്ന രവി സാമി, പാറശ്ശേരി വിനോദ് സാമി എന്നിവരുടെ നേതൃത്വത്തിൽ പഴനിസാമി, രാജു, രാമദാസ്, കന്തസാമി, രമേശ് എന്നിവരടക്കമുള്ള 15 അംഗ സംഘമാണ് പ്രസാദ ഊട്ടിന് സദ്യ ഒരുക്കുന്നത്.

1000 കിലോ ഏത്തപ്പഴം കൊണ്ടുള്ള പുളിശ്ശേരിയടങ്ങുന്ന പാലക്കാടൻ സദ്യയാണ് ക്ഷേത്രം പാചകപ്പുരയിൽ ഒരുക്കുന്നത്.

1500 ലിറ്റർ പാൽ, 1200 കിലോ മത്തൻ, 800 കിലോ കുമ്പളങ്ങ, 1200 കിലോ നേന്ത്രൻ ,1400 കിലോ ചേന, 500 കിലോ ചെറുനാരങ്ങ തുടങ്ങിയവ കൊണ്ടുള്ള നാല് കൂട്ടം കറികളും പാൽപായസവും ഉൾപ്പെടുന്നതാണ് സദ്യ.

15 ദിവസം നീണ്ട് നിൽക്കുന്ന ആരാധനാ മഹോത്സവം കഴിഞ്ഞ 16നാണ് തുടങ്ങിയത്. ഉത്സവ നാളുകളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് അടക്കമുള്ള പ്രഗൽഭ സംഗീതജ്ഞർ ക്ഷേത്രത്തിലെത്തി സംഗീത പരിപാടി നടത്താറുണ്ട്. മഹോത്സവത്തിന്റെ പന്ത്രണ്ടാം ആരാധനാ ദിവസം പത്മശ്രീ പെരുവനം കുട്ടൻ മാരാരും സംഘവും പാണ്ടി മേളവും നീലേശ്വരം സന്തോഷ് മാരാരും രാധാകൃഷ്ണ മാരാരും ചേർന്ന് ഇരട്ട തായമ്പകയും അവതരിപ്പിച്ചു.