
ഉദിനൂർ: നാട്ടിലെ സാംസ്കാരിക പ്രവർത്തനം ഊർജ്ജമായി കൊണ്ടുനടക്കുന്ന നടൻ പി.പി.കുഞ്ഞിക്കൃഷ്ണൻ സ്വന്തം നാട്ടിൽ നടക്കുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളാണ്. സാമ്പത്തികം,ഭക്ഷണം, സോവാനീർ കമ്മിറ്റികളുടെ പ്രവർത്തനങ്ങളിൽ ആവുന്നത്ര സഹായം നൽകിയ നടൻ അഞ്ചുദിവസം എല്ലാ തിരക്കും കലോത്സവത്തിന് വേണ്ടി മാറ്റിവച്ചാണ് ഉദിനൂരിൽ സജീവമായിരിക്കുന്നത്.
കലോത്സവം ഇന്ന് തീരും. നാളെ തന്നെ വയനാട്ടിലേക്ക് തിരിക്കണം. 'ന്നാ താൻ കേസ് കൊട്' സിനിമയുടെ സംവിധായകൻ രതീഷ് പൊതുവാളിന്റെ പുതിയ സിനിമയായ 'ദുരൂഹ സാഹചര്യത്തിൽ' എന്ന സിനിമയുടെ ലൊക്കേഷൻ വയനാട്ടിലാണ് . കലോത്സവം നടക്കുന്ന ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ പി.ടി.എ പ്രസിഡന്റായി നാല് വർഷം മാഷ് പ്രവർത്തിച്ചിട്ടുണ്ട്. 2008 ൽ കലോത്സവത്തിന്റെ ചെയർമാനും ഇദ്ദേഹമായിരുന്നു. കൺവീനറായ അരവിന്ദാക്ഷൻ മാഷിനൊപ്പം കമ്മിറ്റിയംഗങ്ങളുടെ ഉത്സാഹത്തിൽ അന്ന് മിച്ചം പിടിച്ച അഞ്ച് ലക്ഷം കൊണ്ട് ഓഡിറ്റോറിയത്തിൽ ടൈൽസ് പാകിയ സംഭവവും നടൻ പങ്കുവച്ചു.
ജില്ലാ കലോത്സവ നടത്തിപ്പിൽ കുഞ്ഞിക്കൃഷ്ണൻ മാഷിൽ നിന്ന് തനിക്ക് ഏറ്റവും കൂടുതൽ പിന്തുണയും സഹായവും ലഭിക്കുന്നുണ്ടെന്ന് കാസർകോട് ഡി.ഡി.ഇ ടി.വി.മധുസൂദനൻ ഉദ്‌ഘാടന വേദിയിൽ പറഞ്ഞതിൽ തന്നെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിന്റെ വലിപ്പമറിയിക്കുന്നതാണ്.. ന്നാ താന്‍ കേസ് കൊട് സിനിമയിൽ മജിസ്ട്രേറ്റിന്റെ വേഷത്തിൽ അഭിനയിച്ച ഇദ്ദേഹം മികച്ച സ്വഭാവനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലൂടെയാണ് സംസ്ഥാനത്ത് ശ്രദ്ധേയനായത്.