paliya

ഉദിനൂർ: കാസർകോട് ജില്ലയിലെ മാവിലസമുദായത്തിന്റെ തനത് കലയായ മംഗലംകളി അടക്കം പുതുതായി കലോത്സവത്തിൽ ഉൾപ്പെടുത്തിയ ഗോത്രനൃത്തങ്ങളെ കൈയടിയോടെ സ്വീകരിച്ച് സദസ്. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, ഇരുളനൃത്തം, മലപ്പുലയാട്ടം എന്നീ അഞ്ച് ഗോത്രകലകളാണ് ഈ വർഷം ആദ്യമായി സ്കൂൾ അരങ്ങിൽ ഇടംപിടിച്ചത്. ഉദിനൂരിലെ പ്രധാന വേദിയായ തേജസിനിയിൽ ഗോത്രനൃത്തം കാണാൻ രാവിലെ മുതൽ ആസ്വാദകർ തിങ്ങി നിറഞ്ഞിരുന്നു.

ഓരോ മത്സര ഇനത്തിനും 15 മിനിട്ടാണ് അനുവദിച്ചിരുന്നത്. മംഗലംകളിക്ക് തുടിയായിരുന്നു വാദ്യോപകരണം. മലയപ്പുലയാട്ടത്തിന് ചിക്കു വാദ്യവും ഉറുമിയും കെട്ടുമുട്ടി, കട്ടവാദ്യം എന്നിവയും ഉപയോഗിച്ചു, ഇരുള നൃത്തത്തിന് തൊക്കൽ, പറയിപീക്കി, ജാലറ എന്നിവയും പളിയ നൃത്തത്തിന് മുളഞ്ചെണ്ട, തകര ഉടുക്ക്, ഉറുമി, ജാര എന്നിവയും അകമ്പടിയായി. പളിയ നൃത്തവും പണിയ നൃത്തവും രണ്ടു ടീമുകൾ മാത്രമാണ് അവതരിപ്പിച്ചത്.