sruthi-b-chandran-

ഉദിനൂർ: കലോത്സവത്തിലെ വിജയത്തോടെ ഗ്രേസ് മാർക്ക് ഉപയോഗപ്പെടുത്തി മെച്ചപ്പെട്ട സീറ്റ് തരപ്പെടുത്തി മറ്റ് മേഖലയിലേക്ക് ചേക്കേറുന്നവർക്കിടയിൽ 2005ലെ കലാതിലകമായ ശ്രുതി ബി.ചന്ദ്രൻ വ്യത്യസ്തയാണ്. രണ്ടാംക്ളാസിൽ അണിഞ്ഞ ചിലങ്ക ഉപേക്ഷിക്കാതെ നൃത്തം തപസ്യയാക്കിയ കരിവെള്ളൂർ നിടുവപ്പുറം സ്വദേശിനിയായ ഈ യുവതി ഇതിനകം വാരിക്കൂട്ടിയ അവാർഡുകൾ നിരവധിയാണ്.

പിലിക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്‌ളാസിൽ പഠിക്കുമ്പോഴാണ് റവന്യു ജില്ലാ കലാതിലകമായത്. തന്നോട് മത്സരിച്ചവരെല്ലാം നൃത്തം ഉപേക്ഷിച്ച് മറ്റു അവസരം തേടി പോയപ്പോൾ പേരെടുത്ത നർത്തകിയും നൃത്താദ്ധ്യാപികയുമാണിന്ന് ശ്രുതി.

കരിവെള്ളൂർ നോർത്ത് എ.യു.പി സ്കൂൾ റിട്ട.അദ്ധ്യാപകൻ ബാലചന്ദ്രന്റെയും പടന്ന ജി.യു.പി സ്കൂൾ റിട്ട.അദ്ധ്യാപിക വി.വി.അനിതയുടെയും മകളായ ശ്രുതി ടി.ടി.സി കഴിഞ്ഞിട്ടും നൃത്താദ്ധ്യാപികയായി തുടരുകയായിരുന്നു. അമ്മ അനിതയോടൊപ്പം ഇന്നലെ ഉദിനൂരിലെ കലോത്സവനഗരിയിൽ എത്തിയ ശ്രുതി പഴയ കലോത്സവ ഓർമ്മകൾ പങ്കുവച്ചു.

നടനം ജീവിതം

2004 ൽ തൃശൂരിലും 2005 ൽ തിരൂരിലും നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് ശ്രുതിക്കായിരുന്നു. 2005ൽ കലാതിലക പട്ടം നഷ്ടമായതാണ് ജീവിതത്തിൽ ഏറ്റവും വലിയ നൊമ്പരം. 2009 മുതൽ കരിവെള്ളൂരിൽ പ്രവർത്തിക്കുന്ന കലാദർപ്പണ സ്കൂൾ ഓഫ് ഡാൻസിന്റെ ഡയറക്ടർ ആണ് ശ്രുതി. സംവിധായകൻ കമലിന്റെ കറുത്ത പക്ഷികളിലൂടെ സിനിമയിലും കയ്യൂർ സമരം ആസ്പദമാക്കി പ്രീയനന്ദൻ സംവിധാനം ചെയ്ത ഡോക്യൂമെന്ററിയിലും അഭിനയിച്ചു. വയലാർ രാമവർമ്മയുടെ രാവണപുത്രിക്ക് നൃത്തഭാഷ്യം ഒരുക്കിയതും ശ്രുതിയാണ്. നൃത്തവിദ്യാലയത്തിൽ ശ്രുതിയുടെ കീഴിൽ നൂറിലധികം കുട്ടികളും വീട്ടമ്മമാരും നൃത്തം അഭ്യസിക്കുന്നുണ്ട്.ശിഷ്യരുമൊത്ത് നിരവധി നൃത്തവേദികളിൽ സജീവമാണ് .2023 ൽ കേരള നൃത്തശ്രീ പുരസ്കാരം, ലാസ്യ രത്ന പുരസ്കാരം, ജീവൻ ടി.വി സ്വർണ മെഡൽ, ബി ഹൈൻഡ് ദി കർട്ടൻ പുരസ്കാരം, മോണോ ആക്റ്റിൽ രസിക ശിരോമണി അവാർഡ്, കേരള നടനത്തിൽ ഗുരു ഗോപിനാഥ് ട്രസ്റ്റിന്റെ പ്രഥമ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എം.എ ഭരതനാട്യം ഒന്നാം റാങ്കുകാരി കൂടിയാണ് ശ്രുതി.ഭർത്താവ് സന്തോഷും മക്കളായ ഹരിനന്ദും സായന്തും നൃത്തസപര്യയിൽ മികച്ച പിന്തുണ നൽകുന്നുണ്ട്.