nadakam

ഉദിനൂർ:കിനാത്തിൽ വായനശാല പരിസരത്ത് ഒരുക്കിയ വേദിയിൽ അരങ്ങേറിയ നാടകങ്ങൾ അധികവും ജാതിയുടെ പേരിൽ സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾക്കെതിരെ പോരാട്ട ആഹ്വാനമായിരുന്നു . സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുന്ന കറുത്ത കുട്ടികൾ തീപ്പന്തമായി ഉയരുന്നതായിരുന്നു ആകർഷകമായ പ്രമേയം. സ്വാതന്ത്ര്യാന്തരവും നിലനിൽക്കുന്ന ജാതിവേരുകൾ അറുത്തുമാറ്റാനും വർണ്ണ വിവേചനത്തിനെതിരെ ശബ്ദമുയർത്താനും ആവശ്യപ്പെടുന്നവയായി നാടകങ്ങൾ.

സമ്പന്നരും അദ്ധ്യാപകർ തന്നെയും മക്കളെ ഇംഗ്ലീഷ് വിദ്യാലയങ്ങളിലേക്ക് അയക്കുകയും സാധാരണക്കാരന്റെ മക്കളെ സർക്കാർ സ്കൂളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ശീലങ്ങളെ തുറന്നെതിർക്കാനും കുട്ടികൾ തയ്യാറായി. അസാമാന്യമായ അഭിനയശേഷിയാണ് കുട്ടികൾ കാഴ്ചവെച്ചതെന്ന് പ്രമുഖ നാടക കലാകാരൻമാർ അഭിപ്രായപ്പെട്ടു.നാടകപ്രമത്തിന് പേരു കേട്ട ഉദിനൂരിൽ വലിയ ആൾക്കൂട്ടം തന്നെ സദസിൽ ഉണ്ടായിരുന്നു. നുറുകണക്കിന് നാടകങ്ങൾ അരങ്ങേറിയ കിനാത്തിൽ ജ്വാലാ തിയേറ്റർസിന്റെ തട്ടകത്തിലാണ് ജില്ലാ സ്‌കൂൾ കലോത്സവത്തിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി നാടകങ്ങൾ അവതരിപ്പിച്ചത്.

നാടകം കാണാൻ എത്തിയ മുഴുവൻ ആളുകൾക്കും നാട്ടുകൂട്ടം നാട്ടകസദ്യയും ഒരുക്കിയിരുന്നു. ഇതിനായി നാടകവേദിയോട് ചേർന്നുള്ള പ്രത്യേക പന്തലിൽ 1500 പേർക്ക് സദ്യ വിളമ്പാനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. ഉദിനൂരിലെ കലോത്സവ നഗരിയിലെ ഊട്ടുപുരയിൽ ഒരുക്കിയ സദ്യക്ക് പുറമെയാണ് കിനാത്തിൽ പ്രത്യേകം സദ്യയൊരുക്കി നാടകം ഉഷാറാക്കിയത്.