
ഉദിനൂർ : ഇരിയണ്ണി ഗവ.വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ "ഓർമയിൽ കാടുള്ള മൃഗം' എന്ന നാടകം ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. കവി സച്ചിദാനന്ദന്റെ കാവ്യസമാഹരത്തിന്റെ സ്വതന്ത്ര നാടകാവിഷ്ക്കാരമായിരുന്നു നാടകം. വാഴ, ഫാലിമിൻ, ജനഗണമന, ഓം മേരി ലൈല തുടങ്ങിയ സിനിമകളുടെ സഹ സംവിധായകൻ അനൂപ് രാജ് ഇരിട്ടി ആണ് സംവിധാനം ചെയ്തത്. സജീവ് പ്രദീപ് ആണ് രചയിതാവ്. കൂട്ടിലടക്കപ്പെടുന്ന മനുഷ്യന്റെ അടിമയായ പട്ടിയോട് കാട്ടിൽ നിന്നെത്തുന്ന കുറുക്കൻ സ്വാതന്ത്ര്യത്തിന്റെ ബോധത്തെക്കുറിച്ച് പറഞ്ഞപ്പോൾ പട്ടിക്കുണ്ടാവുന്ന തിരിച്ചറിവും തുടർന്നുണ്ടാവുന്ന സംഭവങ്ങളും ലളിതമായി അവതരിപ്പിച്ചാണ് ഇരിയണ്ണി തിരുവനന്തപുരം വേദിയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ഈ നാടകത്തിലെ സി കെ.നിതിനയാണ് മികച്ച നടി. ശ്രേയ പ്രീതാംബരൻ, കെ പി ശിവനന്ദ, നിരഞ്ജൻ കൃഷ്ണ, കെ പി കൃഷ്ണജിത്ത്, ആഗ് നേയ്, അഭിനന്ദ്, ആദർശ്,തേജസ്സ്, ഋതു നന്ദ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.