
അജ്മീർഷാ എന്നത് കേവലം ഒരു ബോട്ടിന്റെ പേരല്ല. ആഴക്കടലിലെവിടെയോ ഒരു ചുഴലിക്കാറ്റ് കശക്കിയെടുത്തുപോയ പതിനാറു കുടുംബങ്ങളുടെ പ്രതീക്ഷയും തീരാനോവുമാണ്. ഇന്നുവരും, നാളെവരും എന്നു പ്രതീക്ഷിച്ച് കാത്തിരിപ്പിന്റെ കടലാഴങ്ങളിൽ തമിഴ്‌നാട്ടിലേയും ബംഗാളിലേയും പതിനാറു കുടുംബങ്ങൾ കണ്ണുംനട്ടിരിക്കുമ്പോൾ എന്തു മറുപടിയാണ് കൊടുക്കാനുള്ളത്?
അർജുനുവേണ്ടി എഴുപത്തിയെന്നു ദിവസം ഗംഗാവലി പുഴയുടെ ആഴങ്ങളിൽ കേരളവും കർണാടകവും കണ്ണും കാതും തുറന്നിട്ട് കാത്തിരുന്നു. ഒടുക്കം അവന്റെ ശേഷിപ്പുകളെങ്കിലും നാട്ടിലെത്തിച്ച് ആയിരങ്ങളുടെ സാന്നിദ്ധ്യത്തിൽ സംസ്‌കരിക്കാൻ നമുക്കകു കഴിഞ്ഞു. കേരളത്തിലെ ഒരു ലോറി ഡ്രൈവർക്ക് ഇത്രയും സ്വാധീനമോ എന്ന് കർണാടകയിലെ പൊലീസുകാർപോലും ചോദിച്ചത് വാർത്തയായിരുന്നു. നമ്മളതിന് കുറിക്കുകൊള്ളുന്ന മറുപടിയും നൽകി: 'കേവലം ഒരു മലയാളിയല്ല; ഒരു മനുഷ്യജീവനാണെന്ന്..."
പക്ഷെ, ഇവിടെ കോഴിക്കോട്ടെ ബേപ്പൂരിൽ നിന്ന് പതിനാറ് ജീവനുകളാണ് ആഴക്കടലിൽ ഒരു ബോട്ടടക്കം അപ്രത്യക്ഷമായത്. ഇപ്പോൾ മൂന്നുവർഷവും അഞ്ചുമാസവും കഴിഞ്ഞു. എവിടെയാണ് ആ ബോട്ട്?അവർക്ക് എന്തു പറ്റി? കുടുംബങ്ങളുടെ പ്രാരാബ്ധവുമായി കടലിലിറങ്ങിയ ഈ പതിനാറു പേരുടെ കാര്യത്തിൽ മലയാളികൾക്കും സർക്കാരിനും എന്താണ് പറയാനുള്ളത്? ഒരു മലയാളി ലോകത്തെവിടെയെങ്കിലും കുടുങ്ങിയാൽ അതിനുവേണ്ടി നമ്മൾ ജീവൻമറന്ന് പോരാട്ടം നടത്തുമ്പോൾ, നമ്മുടെ തീരത്തുനിന്ന് തൊഴിലെടുക്കാനിറങ്ങിയ തമിഴ്‌നാട്ടിലെയും ബംഗാളിലെയും ആ പതിനാറു പേർക്കായി നമ്മൾ എന്തു ചെയ്തു?
അജ്ഞാതം,
അജ്മീർഷാ
ബേപ്പൂർ സ്വദേശി ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു, അജ്മീർഷാ ബോട്ട്. ആഴക്കടലിൽ രണ്ടാഴ്ചയോളം, മീൻകുറവെങ്കിൽ ഒരുമാസവും മത്സ്യബന്ധനം നടത്തിവരുന്ന ബോട്ട്. 2021 മേയ് അഞ്ചിന് പുലർച്ചെയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള പന്ത്രണ്ടു പേരും ബംഗാളിൽ നിന്നുള്ള നാലുപേരുമടക്കം പതിനാറു പേരുമായി ബോട്ട് പുറപ്പെട്ടത്. കേരളതീരം മുതൽ ഗുജറാത്തു വരെ കടലിൽ ആഞ്ഞടിച്ച 'ടൗട്ടെ" ചുഴലിക്കാറ്റിന്റെ താണ്ഡവ നാളുകൾ. ബേപ്പൂർ ഹാർബറിൽ നിന്നു പോയ 'അജ്മീർഷാ" പിന്നീട് തിരിച്ചുവന്നില്ല. കടലിൽ ബോട്ട് അവസാനമായി കണ്ടത് 13- നായിരുന്നു. കോസ്റ്റ് ഗാർഡിന്റെ രണ്ടു കപ്പലുകളും തീരദേശസേനയും വിമാനങ്ങളും കുളച്ചലിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളും ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും ഒരു തെളിവും കണ്ടെത്താനായില്ല.
ഇപ്പോൾ എല്ലാവരും മറന്നു. പക്ഷെ ആ കുടുംബങ്ങളുടെ കാത്തിരിപ്പ് തുടരുന്നു. കന്യാകുമാരി കുളച്ചൽ സ്വദേശികളായ സ്രാങ്ക് മഹേന്ദ്ര തനിസ്സാസ് (40), ആരോഗ്യ റാബി (38), സഹായ ആന്റണി (48), ആന്റണി തനിസ്ലാസ് (55) അലക്‌സാണ്ടർ (55), കടിയാപട്ടണം സ്വദേശി മൈക്കിൾ ജാക്‌സൺ (31), മുട്ടം സ്വദേശികളായ അന്തോണി അടിമൈ (49), രതീഷ് ബെനോജൻ (21), തുക്കളെ സ്വദേശി സഹായ കെബിലൻ (23), മേൽപുരം സ്വദേശി ഇ. രാജൻ (41), അഗതീശ്വരം സ്വദേശികളായ ജോർജ് തിലകൻ (35), വിജയൻ (35), ബംഗാൾ കൊൽക്കത്ത സ്വദേശികളായ ശാന്തിറാം ദാസ് (33), സുഷാന്ത ദാസ് (29), റജിബ് ദാസ് (37), ശംഭു ദാസ് (31) എന്നിവരെയാണ് കാണാതായത്. 'തൊഴിലാളികളുമില്ല, എന്റെ ബോട്ടുമില്ല. ഒരുകോടിയലധികമാണ് ബോട്ടിന്റെ വിലയും ചെലവും. കടംകയറി നിവൃത്തിയില്ല. ആർക്കും ഒരു മിണ്ടാട്ടവുമില്ല": ഷംസുദ്ദീൻ പറയുന്നു.
തമിഴർക്ക്
നഷ്ടപരിഹാരം
തമിഴ്‌നാട് കൊട്ടിൽപാട് ഗ്രാമത്തിൽ നിന്നുള്ളവരാണ് പന്ത്രണ്ടു പേർ. അവിടത്തെ ആറു വീടുകളിൽ നിന്നുള്ള 12 പേരുടെ ജീവൻ അകലെയേതോ കരയിലുണ്ടെന്ന് ആ ഗ്രാമം ഇപ്പോഴും വിശ്വസിക്കുന്നു. അവരുടെ സർക്കാർ ആ 12 പേരെയും കൈവിട്ടില്ല. ഒരോ തൊഴിലാളിയുടെ കുടുംബത്തിനും 20 ലക്ഷം രൂപവീതം നൽകിയെന്ന് അന്ന് ആ ഫണ്ട് കൈമാറുന്ന ചടങ്ങിനു സാക്ഷിയായ ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പ്രേമൻ കരിച്ചാലിൽ പറഞ്ഞു. ബംഗാളിൽ നിന്നുള്ള തൊഴിലാളി കുടുംബങ്ങളുടെ കാര്യമാണ് കഷ്ടം. അവർക്ക് ബംഗാൾ സർക്കാരിന്റെ ഒരു സഹായവും കിട്ടിയില്ല.
ബോട്ടിലെ തൊഴിലാളികളുടെ പേരിൽ ഉടമകളിൽ നിന്ന് കേരളം ക്ഷേമനിധി വിഹിതം പിരിക്കുന്നുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അതിന്റെ ആനുകൂല്യങ്ങളൊന്നും കിട്ടില്ല. ബോട്ടും തൊഴിലാളികളേയും കണ്ടെത്താത്തത് സർക്കാരിന്റെ പരാജയമായി കാണാനാവില്ലെങ്കിലും അവരും മനുഷ്യരാണ്, നമ്മുടെ നാട്ടിൽ വന്ന് ജോലി ചെയ്യുന്നവർക്ക് അത്യാഹിതം സംഭവിക്കുമ്പോൾ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടേയെന്നും പ്രേമൻ കരിച്ചാലിൽ ചോദിക്കുന്നു.
ബേപ്പൂരിൽ നിന്നുള്ള ബോട്ടുകൾ വടക്കോട്ട് മംഗളൂരു ഭാഗം വരെയാണ് സാധാരണ പോവുക. ചില സീസണുകളിൽ മഹാരാഷ്ട്ര തീരം വരെ. കാണാതാകും മുമ്പ് 'അജ്മീർഷാ"യും മംഗളൂരു തീരമേഖലയിലാണ് കറങ്ങിയിരുന്നത്. 13-ന് ഉച്ചയ്ക്ക് മംഗളൂരു മാൽപെ ഭാഗത്തുവച്ച് ബേപ്പൂരിൽ നിന്നു തന്നെയുള്ള മത്സ്യത്തൊഴിലാളികളാണ് അജ്മീർഷാ ബോട്ട് അവസാനമായി കണ്ടത്. കാർവാറിൽ നിന്ന് എകദേശം 60 നോട്ടിക്കൽ മൈൽ ദൂരത്തായിരുന്നു അന്ന് ബോട്ട് ഉണ്ടായിരുന്നത്. ഉച്ചയോടെ ചുഴലിക്കാറ്റ് മുന്നറിപ്പ് എത്തുകയും രാത്രിയോടെ വീശുകയും ചെയ്തു. മുന്നറിയിപ്പ് വന്നയുടൻ തന്നെ, കടലിലുണ്ടായിരുന്ന ബോട്ടുകൾ വിവിധ ഹാർബറുകളിൽ അടുപ്പിക്കുകയും ഈ വിവരം തൊഴിലാളികൾ അവരുടെ ഉടമകളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അജ്മീർഷാ ബോട്ടിനെക്കുറിച്ച് അന്നും വിവരമുണ്ടായില്ല.
കാത്തിരിപ്പ്
തുടരുന്നു
'അജ്മീർഷാ'യേയും പതിനാറു തൊഴിലാളികളേയും കടലെടുത്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് കുടുംബത്തിനും മത്സ്യത്തൊഴിലാളികൾക്കും ഇഷ്ടം. ഒരപകടം നടന്ന് തകർന്നതാണെങ്കിൽ ഇന്ധനത്തിന്റെ അവശിഷ്ടങ്ങളോ ഒരു ജാക്കറ്റോ എങ്കിലും കടൽ ബാക്കിവയ്ക്കണ്ടേ? അതൊന്നുമുണ്ടായിട്ടില്ല. കനത്ത കാറ്റിൽപ്പെട്ട് ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്നു മാറി മറ്റേതെങ്കിലും രാജ്യത്ത് എത്തിപ്പെടുകയോ, ഏതെങ്കിലും ചെറുദ്വീപിൽ അകപ്പെടുകയോ ചെയ്തിരിക്കാമെന്ന് കുടുംബവും സുഹൃത്തുക്കളും ഇപ്പോഴും വിശ്വസിക്കുന്നു. കാത്തിരിക്കാം, നമുക്ക് അവർക്കൊപ്പം. പക്ഷെ കാത്തിരിപ്പുകളുടെ കടങ്ങൾ ആരു വീട്ടും?