1
തന്റെ നഴ്സറിയിലെ തെെകളെ പരിപാലിക്കുന്ന ചന്ദ്രൻ

കോഴിക്കോട്: വീട്ടുവളപ്പിലെ 16 സെന്റിൽ ഫലവൃക്ഷ, പച്ചക്കറി തൈകളടക്കം ഉത്പാദിപ്പിക്കുന്ന നഴ്സറി 2018ലെ പ്രളയമെടുത്തെങ്കിലും ചന്ദ്രൻ തളർന്നില്ല. കോട്ടോൽക്കുന്നിൽ അഞ്ചേക്കറോളം പാട്ടത്തിനെടുത്ത് കാടുവെട്ടിത്തെളിച്ച് നഴ്സറിക്ക് പാകമാക്കി. ഇന്ന് കേരളത്തിലുടനീളം ഗുണമേന്മയുള്ള വിവിധയിനം തൈകളെത്തിക്കുന്നത് 67കാരനായ ചാത്തമംഗലം വെള്ളനൂർ ഇടുവീട്ടിൽ ഐ.വി. ചന്ദ്രന്റെ ഹൈടെക് നഴ്സറിയിൽ നിന്ന്. സംസ്ഥാന ഹോർട്ടികൾചർ മിഷന്റെ സഹകരണത്തോടെയാണ് നഴ്‌സറി തുടങ്ങിയത്.

ഔഷധചെടികളുടെ തൈകൾ, പഴവർഗങ്ങളുടെ ചെടികൾ, കരിമഞ്ഞൾ, കാട്ടുതിപ്പലി, ഗ്രാഫ്റ്റ് ചെയ്തെടുത്ത കുരുമുളക് തൈകൾ, ഇൻഡോർ പ്ലാന്റുകൾ, 50 ഇനം മാവിൻ തൈകൾ, പ്ലാവിൻ തെെകളടക്കം ഇവിടെ ഉത്പാദിപ്പിക്കുന്നു. കൃഷിഭവനുകൾ മുഖേനയടക്കം വിതരണം ചെയ്യാൻ ലക്ഷക്കണക്കിന് പച്ചക്കറിത്തൈകളാണ് ഓരോ വർഷവും ഉത്പാദിപ്പിക്കുന്നത്. സ്വന്തമായി നിർമ്മിക്കുന്ന ജൈവവളമാണ് ഉപയോഗിക്കുന്നത്.

കൃഷിവകുപ്പിന്റെ സഹായത്തോടെ വീട്ടുവളപ്പിൽ മഴമറ നിർമ്മിച്ച് നടത്തിവന്ന നഴ്സറിയാണ് 2018ലെ പ്രളയമെടുത്തത്. വീടുൾപ്പെടെ മുങ്ങിയ പ്രളയത്തിൽ ശേഖരിച്ചുവച്ച നാടൻ നെൽവിത്തുകളും അപൂർവയിനം ഔഷധസസ്യകളുടെ തൈകളുമെല്ലാം നഷ്ടമായി. അവിടെ നിന്നാണ് പുതിയൊരു കൃഷിയാത്രയ്ക്ക് തുടക്കം കുറിച്ചത്. ഭാര്യ വിലാസിനി, മക്കളായ ഷെെജു, ഷിജു, ഷിനു എന്നിവർ പിന്തുണയുമായി ഒപ്പമുണ്ട്.

തുടക്കം 15-ാം വയസിൽ

പതിനഞ്ചാം വയസിൽ തുടങ്ങിയതാണ് ചന്ദ്രന്റെ കൃഷിജീവിതം. തുടക്കത്തിൽ പച്ചക്കറികളും നെല്ലുമായിരുന്നു കൃഷി. ക്രമേണ പുതിയ കൃഷി രീതികളിലും തെെ ഉത്പാദനത്തിലും ശ്രദ്ധപതിപ്പിച്ചു. മികച്ചയിനം വിത്തുകളും നടീൽ വസ്തുക്കളും വളവും കിട്ടാതെ വന്നപ്പോൾ സ്വന്തമായി ഉത്പാദിപ്പിച്ചു. കൃഷിഭവനിൽ നിന്നടക്കമുള്ള നിർദ്ദേശങ്ങൾ സ്വീകരിച്ച് അവയുടെ വില്പനയും തുടങ്ങുകയായിരുന്നു.

''ശരിയായ രീതിയിൽ പരിപാലിക്കുന്നതിനാൽ തെെകൾ നല്ല ആരോഗ്യമുള്ളവയാണ്. അതിനാൽ അവയിൽ നിന്ന് നല്ല വിളവ് ലഭിക്കും

-ഐ.വി.ചന്ദ്രൻ