
കോഴിക്കോട്: അത്യാധുനിക സൗകര്യങ്ങളുള്ള ബീച്ച് ആശുപത്രി ആംബുലൻസ് കട്ടപ്പുറത്തായിട്ട് ഒന്നരവർഷം. അപകടത്തിൽപെട്ടു എന്ന പേരിൽ അധികൃതർ ആംബുലൻസിനെ മറക്കുമ്പോൾ വട്ടം കറങ്ങുന്നത് ആവശ്യാക്കാരായെത്തുന്ന നിരവധി പേരുടെ ജീവൻ. ലക്ഷത്തിന്റെ കണക്ക് നോക്കിയാൽ വലുതാണ്, ഉപകാരത്തിന്റെ കണക്കെടുത്താൽ അതിന് ജീവന്റെ വിലവരും. എത്രയെന്ന് ആര് തിട്ടപ്പെടുത്തും. അത്തരമൊരാബുലൻസ് കോഴിക്കോട് ബീച്ച് ആശുപത്രിക്ക് കിട്ടിയത് 2022ലാണ്. എം.കെ രാഘവൻ എം.പി യുടെ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ആംബുലൻസ് ഒന്നരവർഷത്തോളമായി പത്തനംതിട്ടയിലെ സർവീസ് സെന്ററിൽ കട്ടപ്പുറത്താണ്. ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാൽ ആംബുലൻസ് എന്നുവരുമെന്ന കാര്യത്തിൽ ആർക്കും നിശ്ചയമില്ല. 2023 ലെ ശബരിമല സീസണിൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ആംബുലൻസ് പത്തനംതിട്ടയിലേക്ക് വിട്ടുകൊടുക്കുകയായിരുന്നു. അവിടെ വച്ച് ആംബുലൻസ് അപകടത്തിൽപ്പെട്ടു. പിന്നീട് മടക്കികൊണ്ടുവന്നില്ല. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇതുവരെ യാതൊരു നടപടിയായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഉപയോഗിക്കാതെയിട്ടാൽ ആംബുലൻസിലെ ഉപകരണങ്ങളും കേടുവരും. അധികൃതരുടെ അനാസ്ഥ കാരണം ലഭ്യമായ സൗകര്യങ്ങൾ പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോളിവിടെ. കട്ടപ്പുറത്തായ വേറെയും ആംബുലൻസുകൾ ആശുപത്രിയിലുണ്ട്. ദിവസവും നൂറുകണക്കിനാളുകൾ എത്തുന്ന ഇവിടെ രണ്ട് ആംബുലൻസുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
എ.എൽ.എസോടു കൂടിയ ആംബുലൻസ്
എ.എൽ.എസ് (അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്) വിഭാഗത്തിൽ പെടുന്ന, വെന്റിലേറ്റർ സൗകര്യത്തോട് കൂടിയ ഈ ആംബുലൻസ് ഗുരുതരാവസ്ഥയിലുള്ള രോഗികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. യാത്രയിലുടനീളം രണ്ട് മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ സൗകര്യവും ലഭ്യമാക്കിയിരുന്നു.
5.5 ലക്ഷം രൂപയുടെ ഉപകരണങ്ങളുൾപ്പെടെയുള്ള ഈ ആംബുലൻസ് കേരളത്തിൽ വിരലിലെണ്ണാവുന്ന ആശുപത്രികളിൽ മാത്രമേയുള്ളൂ.
ആംബുലൻസ് ഉടൻ തിരിച്ചെത്തിക്കണം
ആംബുലൻസിൽ രോഗി കുടുങ്ങി മരിച്ച സാഹചര്യത്തിലാണ് എം.പി.ഫണ്ടിൽ നിന്നും ഇത്രയും വലിയ തുക അനുവദിച്ച് ആംബുലൻസ് വാങ്ങിയത്. അത് അപകടത്തിൽ പെട്ടാൽ നന്നാക്കി എത്രയും പെട്ടന്ന് ഉപയോഗപ്രദമാക്കേണ്ടത് ആശുപത്രി അധികൃതരുടെ ബാധ്യതയാണ്. ഇത്രയും ആധുനിക സജ്ജീകരണങ്ങളുള്ള ഒരു സംവിധാനം തീർത്തും ഉപയോഗ ശൂന്യമാക്കുന്നത് ശരിയല്ല. എത്രയും പെട്ടന്ന് ആംബുലൻസ് റിപ്പയർ ചെയ്ത് ആശുപത്രിയിലെത്തിക്കണം.
എം.കെ.രാഘവൻ എം.പി
ബീച്ച് ആശുപത്രിയിൽ ആംബുലൻസ് എത്തിയത് 2022 ൽ
35 ലക്ഷം രൂപ
പത്തനംതിട്ടയിൽ അപകടത്തിൽപ്പെട്ടിട്ട് ഒന്നരവർഷം