കോഴിക്കോട്: മാർച്ച് മൂന്നു മുതൽ നടക്കുന്ന ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ സമയം പുന:ക്രമീകരിക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി (എ.എച്ച്.എസ്.ടി.എ) ആവശ്യപ്പെട്ടു. 2025 മാർച്ചിലാണ് റംസാൻ വൃതാനുഷ്ഠാനത്തിന്റെ മുഴുവൻ ദിവസങ്ങളും. അതിനാൽ കുട്ടികളെയും അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരെയും ഒരുപോലെ വലയ്ക്കുന്ന പരീക്ഷാ സമയക്രമമാണിതെന്ന് യോഗം ചൂണ്ടിക്കാട്ടി. മാർച്ചിൽ 18 ദിവസങ്ങളിലായി നടക്കുന്ന പരീക്ഷകൾ എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷമാണ് നിശ്ചയിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് ശേഷം ഒന്നരയ്ക്കും രണ്ടിനും തുടങ്ങി രണ്ടേമുക്കാൽ മണിക്കൂർ വരെ ദൈർഘ്യമുള്ള പരീക്ഷകളുടെ പേപ്പർ കളക്ഷനും ശേഷമുള്ള പാക്കിങ്ങും പൂർത്തിയാവുമ്പോഴേക്ക് ഏകദേശം അഞ്ച് മണിക്കൂർ എടുക്കും. ചുരുങ്ങിയത് രാത്രിയോടെ മാത്രമേ പരീക്ഷാനടത്തിപ്പ് ചുമതലയുള്ള ജീവനക്കാർക്ക് ജോലി പൂർത്തിയാക്കി മടങ്ങാൻ കഴിയുകയുള്ളൂ. ആദ്യമായി മാർച്ച് പരീക്ഷയോടൊപ്പം നടക്കുന്ന പ്ലസ് വൺ ഇംപ്രൂവ്‌മെൻ് പരീക്ഷയും ഈ പരീക്ഷയോടൊപ്പം നടക്കുന്നതിനാൽ ഒട്ടേറെ വിദ്യാർത്ഥികൾക്ക് തുടർച്ചയായി ഒൻപത് പരീക്ഷകൾ എഴുതേണ്ടിവരും. ഇത് ഉൾപ്രദേശങ്ങളിലടക്കമുള്ള വിദ്യാർത്ഥികളെ വലയ്ക്കും. രണ്ട് മണിക്കൂർ ദൈർഘ്യവും ഒൻപത് ദിനങ്ങളും മാത്രമുള്ള എസ്.എസ്.എൽ.സി പരീക്ഷ ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റിലേക്ക് മാറ്റി ഹയർ സെക്കൻഡറി പരീക്ഷകൾ കാലത്ത് തുടങ്ങിയാൽ മേൽപറഞ്ഞ ബുദ്ധിമുട്ടുകളെല്ലാം പരിഹരിക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു. സർക്കാരിന്റെ ശ്രദ്ധ ഈ വിഷയത്തിൽ പതിയുകയും പ്രായോഗികമായ തീരുമാനങ്ങൾ ഉണ്ടാവുകയും ചെയ്യണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് മൂസക്കോയ മാവിളി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സത്യദേവൻ ടി.എം,ട്രഷറർ സുജിത് നെല്ലിയേരി,സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് ജോസ്, സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ, പ്രിൻസിപ്പൽ ഫോറം കൺവീനർ മഹേഷ് കെ. ബാബു വർഗീസ്, അരുൺ തോമസ്, എം സുപ്രഭ, സുജ വി സുരേഷ്, സുനിൽകുമാർ കെ, ഇർഷാദ് പനോളി, പ്രജീഷ് എം, ജസ്റ്റിൻ ജോസ് എന്നിവർ പ്രസംഗിച്ചു.