gtfc
റെയിൽവേ യാത്രാ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എം.കെ രാഘവൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയപ്പോൾ

 മെമു സർവീസുകൾ വർദ്ധിപ്പിക്കണം

കോഴിക്കോട് : റെയിൽ യാത്രാ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നും പാലക്കാട് ഡിവിഷനോടും കോഴിക്കോട് റെയിൽവേ സ്റ്റേഷനോട് ഉള്ള വിവേചനം അവസാനിപ്പിക്കണമെന്നും എം.കെ രാഘവൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനെത്തിയപ്പോഴാണ് എം.പി പ്രശ്നങ്ങൾ അവതരിപ്പിച്ചത്. യാത്രക്കാർ കൂടുതലുള്ള പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ 12 മെമു സർവീസുകൾ ഉണ്ടെങ്കിലും ഇതിൽ ഒരു മെമു സർവീസ് മാത്രമാണ് ഷൊർണൂരിൽ നിന്ന് പാലക്കാട് ഡിവിഷനു കീഴിലുള്ള കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ളത്. 2022 ൽ അറ്റകുറ്റപ്പണിയുടെ പേരിൽ റദ്ദാക്കിയ നിലവിലുള്ള രണ്ട് ട്രെയിനുകൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഇത് യാത്രാദുരിതം ഇരട്ടിപ്പിച്ചു. യാത്രക്കാരുടെ ആശങ്കകൾ പല തവണ റെയിൽവേ അധികൃതരോട് പറഞ്ഞിട്ടും പരിഹാരമുണ്ടായില്ല.

ഷൊർണൂർ മുതൽ മംഗലാപുരം റൂട്ടിൽ കാലുകുത്താൻ ഇടമില്ലാത്ത വിധത്തിലാണ് ട്രെയിനുകൾ ഓടുന്നത്.

പരശുറാം എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617), ചെന്നൈ എഗ്‌മോർ എക്സ്പ്രസ് (16159) തുടങ്ങിയ ട്രെയ്നുകളിൽ രാവിലെയും വൈകുന്നേരവും വൻ തിരക്കാണ്.കോയമ്പത്തൂർ/ എറണാകുളം, മംഗലാപുരം എന്നിവയെ ബന്ധിപ്പിക്കുന്ന മെമു അല്ലെങ്കിൽ വന്ദേ ഭാരത് മെട്രോ സർവീസുകൾ അവതരിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. കൂടാതെ, എക്സ്പ്രസ് ട്രെയിനുകളിൽ, പ്രത്യേകിച്ച് വൈകുന്നേരവും രാവിലെയും കൂടുതൽ കോച്ചുകൾ ഉൾപ്പെടുത്തുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.