സി.പി.എം ബത്തേരി ഏരിയ സമ്മേളനം സമാപിച്ചു
സുൽത്താൻ ബത്തേരി: നൂൽപ്പുഴ വില്ലേജിലെ കണ്ടാർമല, പൂമറ്റം, പാട്ടത്ത്, കമ്പക്കൊടി, കുണ്ടൂർ, പന്തംകൊല്ലി തുടങ്ങിയ പ്രദേശങ്ങളിലായി വനം വകുപ്പ് കൈവശപ്പെടുത്തിവെച്ചിരിക്കുന്ന ഭൂമി സഫാരി പാർക്കിനായി വിനിയോഗിക്കണം. ടൂറിസം വകുപ്പിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവിധം സഫാരി പാർക്കാക്കണമെന്ന് സി.പി.എം ബത്തേരി ഏരിയാ സമ്മേളനത്തിൽ കർഷക സംഘം ചീരാൽ വില്ലേജ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അഞ്ഞൂറ് ഏക്കറോളം വരുന്ന ഭൂമി വനം വകുപ്പ് ഗ്രാന്റീസ് തോട്ടമാക്കി മാറ്റിയിരിക്കുകയാണ്. ഇത് സഫാരി പാർക്കും തുറന്ന കാഴ്ചബംഗ്ലാവും, അന്യം നിന്നുപോകുന്ന മരങ്ങളും സസ്യങ്ങളും നട്ടുവളർത്തി ടൂറിസത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്തിയാൽ വന്യമൃഗശല്യത്താൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് സഹായകരമാകും. സർക്കാരിന് ഇതിലൂടെ വരുമാനവും കണ്ടെത്താനാവും. നിരവധി പേർക്ക് ഇതിലൂടെ തൊഴിലും വരുമാനവും കണ്ടെത്താനാവും. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തി പദ്ധതി നടപ്പിലാക്കണം. രണ്ട് ദിവസങ്ങളിലായി ചീരാലിൽ നടന്ന സി.പി.എം ബത്തേരി ഏരിയ സമ്മേളനം പ്രകടനത്തോടെ സമാപിച്ചു. തുടർന്ന് പി.എ.മുഹമ്മദ് നഗറിൽ ചേർന്ന പൊതു സമ്മേളനം ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സംസ്ഥാന കമ്മറ്റി അംഗം സി.കെ. ശശീന്ദ്രൻ, വി.വി. ബേബി, പി.വി. സഹദേവൻ, കെ. റഫീഖ്, സി. ശിവശങ്കരൻ, പി.ആർ. ജയപ്രകാശ്, എം.എ. സുരേഷ്, എന്നിവർ പ്രസംഗിച്ചു. പി.ആർ. ജയപ്രകാശിനെ വീണ്ടും സെക്രട്ടറിയായി 19 അംഗ ഏരിയ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ജില്ലാ പ്രതിനിധികളായി 27 പേരെയും സമ്മേളനം തിരഞ്ഞെടുത്തു.