കൽപ്പറ്റ: നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽ പാത യാഥാർത്ഥ്യമാക്കാൻ കേന്ദ്രസർക്കാർ കാര്യക്ഷമമായി പ്രവർത്തിച്ച് വരികയാണെന്ന് റയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റയിൽവേ ആക്ഷൻ കമ്മിറ്റി കേന്ദ്ര റയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഈ കാര്യം അറിയിച്ചത്. നിലമ്പൂർ നഞ്ചൻഗോഡ് പാത നിർമാണ പ്രവർത്തിയുടെ പ്രാരംഭ ഘട്ടമായ പിങ്ക് ബുക്കിൽ ഉൾപ്പെടുത്തികഴിഞ്ഞു. എന്നാൽ സംസ്ഥാന സർക്കാരുകളുടെ സഹകരണം കൂടി ഈ പാത യാഥാർത്ഥ്യമാക്കാൻ ഉണ്ടാകേണ്ടതുണ്ട്. നിലമ്പൂർ നഞ്ചൻഗോഡ് റയിൽ പാതയുടെ ഡി.പി.ആർ നടപടികൾ അന്തിമ ഘട്ടത്തിൽ എത്തി. ബന്ദിപ്പൂർ വനത്തിൽ ദേശീയപാതയും റയിൽവേയും ഒരേ തുരങ്കത്തിലൂടെ കൊണ്ടുപോകുന്നതിന്റെ സാധ്യതകൾ അറിയിക്കാൻ സുപ്രിംകോടതി നിർദ്ദേശിച്ചകാര്യം ആക്ഷൻകമ്മിറ്റി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഈ കാര്യത്തിൽ ദേശീയപാത വിഭാഗത്തിനും റയിൽവേക്കും യോജിപ്പാണ് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര റെയിൽവേ മന്ത്രിയുമായുള്ള ചർച്ചയിൽ ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റയിൽവേ ആക്ഷൻ കമ്മിറ്റി സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത്, പി.വൈ. മത്തായി, അഡ്വ. ജോസ് തണ്ണിക്കോട്, പോൾ മാത്യൂസ്, സി. അബ്ദുൽ റസാഖ്, വിഷ്ണു വേണുഗോപാൽ പങ്കെടുത്തു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റയിൽവേ ആക്ഷൻ കമ്മിറ്റി സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത്, പി.വൈ. മത്തായി, അഡ്വ. ജോസ് തണ്ണിക്കോട്, പോൾ മാത്യൂസ്, സി. അബ്ദുൽ റസാഖ്, വിഷ്ണു വേണുഗോപാൽ എന്നിവർ ചർച്ച നടത്തുന്നു