
കോഴിക്കോട്: വാട്ടർ അതോറിട്ടിക്ക് കീഴിലുള്ള ഹില്ലി അക്വയുടെ ഒന്നര ലിറ്റർ കുടിവെള്ളം ഡിസംബർ ആദ്യവാരം വിപണിയിലെത്തും. വില 20 രൂപ. അരുവിക്കരയിലെ പ്ലാന്റിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ കുപ്പിവെള്ളമെത്തുക. ഒരു ഷിഫ്റ്റിൽ പ്രതിദിനം ഒന്നര ലിറ്ററിന്റെ 19,920 കുപ്പിവെള്ളം ദിവസവും ഉത്പാദിപ്പിക്കും. ആദ്യഘട്ടത്തിൽ രണ്ട് ഷിഫ്റ്റുകളിലുമായി 39,840 എണ്ണം ഉത്പാദിപ്പിക്കും. സ്വീകാര്യതയനുസരിച്ച് തൊടുപുഴയിലെ പ്ലാന്റുകളിലും കുപ്പിവെള്ളം ഉത്പാദിപ്പിക്കും.
15 രൂപയ്‌ക്ക് പിണയിലെത്തിച്ച ഒരുലിറ്റർ കുപ്പിവെള്ളത്തിന് ഡിമാന്റേറിയതോടെയാണ് ഒന്നര ലിറ്ററിന്റെ കുപ്പിയിറക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (കെ.ഐ.ഐ.ഡി.ഡി) ഹില്ലി അക്വ വിപണിയിലെത്തിക്കുന്നത്.
തൊടുപുഴ, അരുവിക്കര ഡാമുകളിലെ വെള്ളമാണ് ശുദ്ധീകരിക്കുന്നത്.
ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനും യു.എ.ഇ ആസ്ഥാനമായുള്ള കമ്പനിയു തമ്മിൽ ധാരണാപത്രം ഒപ്പിട്ടതോടെ ഹില്ലി അക്വ ഈ മാസം അവസാനത്തോടെ ഗൾഫിലെത്തും. മൂന്നുവർഷത്തേക്കാണ് കരാർ. 30 ശതമാനം അധികവരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കയറ്റുമതിക്കുള്ള നിയമനടപടികൾ തുടരുകയാണെന്ന് അസി. മാർക്കറ്റിംഗ് മാനേജർവിഷ്ണു സൂര്യ പറഞ്ഞു. അര, ഒന്നര, അഞ്ച്, 20 ലിറ്റർ എന്നിവയുടെ ഓരോ വീതം കണ്ടെയ്നറുകളാണ് ആദ്യം വിദേശത്തെത്തുക. 40 ലക്ഷം രൂപയുടെ കുപ്പിവെള്ളം കയറ്റുമതി ചെയ്യും.
വില ഇങ്ങനെ
1.5 ലിറ്റർ- 20 രൂപ
1 ലിറ്റർ- 15 രൂപ
2 ലിറ്റർ- 28 രൂപ
5 ലിറ്റർ- 60 രൂപ
'പൊതുവിപണിയിൽ ഹില്ലി അക്വയ്ക്ക് സ്വീകാര്യത വർദ്ധിച്ചു. ഉടൻ ഒന്നര ലിറ്ററിന്റെ കുപ്പിവെള്ളം വിപണിയിലിറക്കും"".
- വി. സജി, ഹില്ലി അക്വ സീനിയർ ജനറൽ മാനേജർ