
കെ റെയിലിനെതിരെ കേരളത്തിൽ നടന്ന സമരങ്ങൾ സംഭവബഹുലമായിരുന്നു. മഞ്ഞക്കുറ്റികൾ പറിച്ചെറിയലും പൊലീസുമായുള്ള ഏറ്റുമുട്ടലുകളും തുടങ്ങി വ്യത്യസ്ത നിറഞ്ഞ സമരങ്ങളായിരുന്നു കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ടായത്. ഏറെ നാളിനുശേഷം കേരളം കണ്ട ഏറ്റവും പ്രക്ഷുബ്ധമായ സമരം. സാമൂഹികാഘാത പഠനത്തിന് മുന്നോടിയായുള്ള കല്ലിടൽ നിറുത്താനും ജി.പി.എസ് സംവിധാനത്തിലൂടെ സർവേ നടത്താനും റവന്യൂ വകുപ്പ് തീരുമാനിച്ചപ്പോൾ സമരങ്ങളും തെല്ലൊന്ന് പിന്നാക്കം പോയി. പദ്ധതി ഇനി മുന്നോട്ട് പോവില്ലെന്ന വിലയിരുത്തലുകൾ ഉണ്ടായി. എന്നാൽ കേരളത്തിൽ ഉറങ്ങിക്കിടന്ന മഞ്ഞകുറ്റികളെല്ലാം കേന്ദ്രമന്ത്രിയുടെ വരവോടെ സടകുടഞ്ഞെഴുന്നേറ്റു. ഇടതുപക്ഷ പ്രവർത്തകരെപ്പോലും ഞെട്ടിക്കുന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. നിലവിലെ പദ്ധതിരേഖയുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും, സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ പരിഹരിച്ച് സംസ്ഥാനം പുതിയ ഡി.പി.ആർ സമർപ്പിച്ചാൽ പദ്ധതി വീണ്ടും പരിഗണിക്കാമെന്നുമാണ് ഇപ്പോഴത്തെ കേന്ദ്ര നിലപാട്. ഇതോടെ കെ റെയിൽ വിരുദ്ധ സമരങ്ങളും വീണ്ടും സജീവമാകുകയാണ്.
പ്രതിഷേധമുയർത്തി
സമരസമിതികൾ
നവംബർ മൂന്നിന് കേരളത്തിലെത്തിയ കേന്ദ്രമന്ത്രി തൃശൂരിലും കോഴിക്കോടും മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് കെ-റെയിലിനോടുള്ള അനുകൂല പ്രസ്താവന ആവർത്തിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പച്ചക്കൊടി കിട്ടി തൊട്ടടുത്ത ദിവസം തന്നെ സമരങ്ങളും സജീവമായി. പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 6 ന് കേന്ദ്ര റെയിൽവേ മന്ത്രിക്ക് അലൈൻമെന്റ് പ്രദേശത്തെ 25,000 ജനങ്ങളും പാർലമെന്റ് അംഗങ്ങളും ഒപ്പിട്ട വിശദമായ നിവേദനം നൽകിയിരുന്നു. സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിന് തന്നെ തടസമാകുന്ന വിധത്തിൽ തയാറാക്കിയിരിക്കുന്ന പദ്ധതിക്കായി റെയിൽവേ ഭൂമി വിട്ടുനൽകരുതെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. വീണ്ടും സംസ്ഥാന സർക്കാരിന്റെ പിടിവാശിക്കൊപ്പം നിൽക്കാൻ കേന്ദ്രസർക്കാർ തയാറാകുന്നതിന്റെ സൂചനയാണ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന റെയിൽവേ മന്ത്രിയുടെ പ്രസ്താവന. കെ-റെയിലിനായി കേരള സർക്കാർ നിരന്തരം സമീപിക്കുന്നു എന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. കെ-റെയിലിനെതിരായി കേരളത്തിൽ ആദ്യം പ്രക്ഷോഭം തുടങ്ങിയ കോഴിക്കോട് കാട്ടിലപീടികയിലെ സമരസമിതി ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. ഇനി ഡി.പി.ആറിൽ എന്ത് തന്നെ പരിഷ്‌കരണങ്ങൾ കൊണ്ടുവന്നാലും, കേരളത്തിന് അനുയോജ്യമല്ലാത്ത ഈ പദ്ധതി അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാനമോട്ടാകെയുള്ള സമരസമിതികൾ. നവംബർ 13 ന് ആലുവയിൽ സമരസമിതിയുടെ സംസ്ഥാനതല കൺവെൻഷനും സംഘടിപ്പിക്കുന്നുണ്ട്.
പദ്ധതികൾ
സുതാര്യമാകണം
കേരളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ നിർമ്മാണ പദ്ധതിയാണ് സിൽവർലൈൻ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നാലുമുതൽ അഞ്ച് മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിൽ വിഭാവനം ചെയ്ത അർദ്ധ അതിവേഗ റെയിൽ പദ്ധതിയാണിത്. കേരളത്തിലെ ജനജീവിതത്തെ ഏറ്റവുമധികം സ്വാധീനിക്കാൻ പോകുന്ന പദ്ധതി എന്നാണ് കെ റെയിലിന് സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ അതിന്റെ ഗുണഭോക്താക്കളാവേണ്ട ജനങ്ങളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ഇതുവരെ സർക്കാറിന് കഴിഞ്ഞിട്ടില്ല. നടന്ന ചർച്ചകളാവട്ടെ പൗരപ്രമുഖരുമായി മാത്രം. പ്രളയവും ഉരുൾപൊട്ടലും തുടങ്ങി ദുരന്തങ്ങൾ വിട്ടൊഴിയാത്ത പ്രദേശമായി മാറുകയാണ് കേരളം. ഇത്രയും ബൃഹത്തായ ഒരു പദ്ധതി ഉണ്ടാക്കാനിടയുള്ള പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചും, സാമൂഹിക പ്രതിസന്ധികളെക്കുറിച്ചും ആഴത്തിലുള്ള പഠനങ്ങൾ നടന്നിട്ടില്ലെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഈ പഠനങ്ങൾ സുതാര്യമാവുകയും വേണം. കെ-റെയിൽ വിരുദ്ധ സമരത്തെ അടിച്ചമർത്താനായി സർക്കാറും പൊലീസും സ്വീകരിച്ച സമീപനവും ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു.
ഇടതുപക്ഷ പ്രവർത്തകരെപ്പോലും ഞെട്ടിക്കുന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ പുതിയ പ്രസ്താവന. എന്തുവിലകൊടുത്തും പദ്ധതി നടപ്പാക്കും എന്നാവർത്തിക്കുന്ന സംസ്ഥാന സർക്കാറിന് ഊർജം നല്‌കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ ശരിക്കും വെട്ടിലായത് ബി.ജെ.പി യുടെ കേരള ഘടകമാണ്. കെ-റെയിൽ വേണ്ട എന്നതായിരുന്നു ഇന്നലെ വരെ ഇവരുടെ നിലപാട്. ഉപതിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ സമയത്ത് എന്ത് നിലപാടാണ് ഇനി ബി.ജെ.പി സ്വീകരിക്കുക എന്നത് ഏറെ ശ്രദ്ധേയമാണ്. പദ്ധതിയുമായി സഹകരിക്കില്ല എന്നാണ് സംസ്ഥാന ബി.ജെ. പി അദ്ധ്യക്ഷൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
അനുകൂലിച്ചും
പ്രതികൂലിച്ചും
കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റൊരറ്റത്തേക്കെത്താൻ വലിയ ബുദ്ധിമുട്ടാണ് നിലവിൽ നേരിടുന്നത്. മെച്ചപ്പെട്ട റെയിൽവേ സംവിധാനങ്ങൾ കൊണ്ടുതന്നെ ഇത് പരിപരിക്കാനാകും എന്ന് വാദിക്കുന്നവരും കുറവല്ല. കുറഞ്ഞ സമയംകൊണ്ട് വിവിധയിടങ്ങളിൽ എത്തിച്ചേരാൻ നൂതന യാത്ര പദ്ധതികൾ അനിവാര്യമാണ്. അതിവേഗ റെയിൽ പാതകളാണ് ഇതിന് ഏറ്റവും അഭികാമ്യം. യാത്രകൾ സുഗമമാക്കാൻ റെയിൽവേ കൊണ്ടുവന്ന വന്ദേഭാരത് ട്രെയിൻ എല്ലാദിവസവും നിറയെ യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്. ഈ വസ്തുത നിലനിൽക്കേ സാധാരണക്കാർക്ക് ഈ പദ്ധതി പ്രയോജനപ്പെടില്ലെന്ന വാദം ശരിയെന്നു പറയാൻ കഴിയില്ല. വന്ദേ ഭാരത് ട്രെയിനിനെക്കാൾ കുറഞ്ഞ ചെലവിൽ യാത്ര സാദ്ധ്യമാക്കാൻ കെ-റെയിലിനു സാധിക്കുമെന്നാണ് സംസ്ഥാനസർക്കാർ പറയുന്നുണ്ട്. പദ്ധതി നടപ്പാക്കുമ്പോൾ നിലവിൽ താമസിച്ചിരുന്നിടത്തു നിന്ന് മാറി താമസിക്കേണ്ടിവരുന്ന ഒരുപാട് മനുഷ്യരുണ്ട്. അവർക്ക് നൽകുന്ന നഷ്ടപരിഹാരത്തെക്കുറിച്ചും, പുനരധിവാസത്തെക്കുറിച്ചും സർക്കാർ വ്യക്തത വരുത്തണം. പാരിസ്ഥിതിക പ്രശ്നങ്ങളും പരമാവധി ഒഴിവാക്കിക്കൊണ്ടാവണം ഏത് പദ്ധതിയും നടപ്പിലാക്കേണ്ടത്.
ആരുടെയും കണ്ണീര് വീഴാതെ തന്നെ കെ-റെയിൽ പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഇപ്പോൾ തന്നെ കുറേയധികം മനുഷ്യരുടെ കണ്ണുനീർ വീണുകഴിഞ്ഞു. കെ-റെയിൽ സമരത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും അതിലും ഇതുവരെ തീരുമാനമൊന്നുമായിട്ടില്ല. ഏതു വികസനപദ്ധതിയും സാധാരണക്കാർക്കും പരിസ്ഥിതിക്കും പരിക്കുകളില്ലാതെയാവണം നടപ്പിലാക്കേണ്ടത്. കൃത്യമായ ആസൂത്രണവും പഠനങ്ങളുമാണ് ഇതിനാധാരമാകേണ്ടത്.