വേങ്ങേരി ഓവർപാസ് പെെപ്പ് മാറ്റൽ പ്രവൃത്തി ആരംഭിച്ചു
കോഴിക്കോട്: വേങ്ങേരി ഓവർപാസ് നിർമാണത്തിന്റെ ഭാഗമായി ശുദ്ധജലവിതരണ പൈപ്പ് മാറ്റാനുള്ള പ്രവൃത്തികൾക്ക് തുടക്കമായതോടെ ജില്ലയിൽ കുടിവെള്ളം വിതരണം തടസപ്പെട്ടു. കോർപ്പറേഷനിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലും 13 പഞ്ചായത്തുകളിലും ജപ്പാൻ കുടിവെള്ള പദ്ധതി വഴിയുള്ള ജലവിതരണമാണ് എട്ടുവരെ മുടങ്ങുക. പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയിൽ നിന്നുള്ള ജലവിതരണമാണ് മുടങ്ങിയത്. അതേ സമയം നാല് ദിവസം കുടിവെള്ളം മുടങ്ങുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ടാങ്കുകളിലും ബക്കറ്റുകളിലും ശേഖരിച്ച് വെച്ച വെള്ളമുണ്ടായിരുന്നതിനാൽ ഇന്നലെ വലിയ പ്രശ്നങ്ങളുണ്ടായില്ല. എന്നാൽ ഇവ ഇന്നോടെ തീരും. ഇതോടെ വരും ദിവസങ്ങളിൽ ആവശ്യങ്ങൾ നിറവേറ്റാൻ ജനങ്ങൾ നെട്ടോട്ടമോടേണ്ടി വരുന്ന സ്ഥിതിയാകും. വെള്ളമെത്തിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ടെങ്കിലും എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയാമെന്നാണ് ജനങ്ങൾ പറയുന്നത്.
വേങ്ങേരി ഓവർപാസിലെ പെെപ്പ് മാറ്റൽ പ്രവൃത്തിയ്ക്കും ഇന്നലെ തുടക്കമായി. ദേശീയ പാത 66ന്റെ വികസനത്തിന്റെ ഭാഗമായി വേങ്ങേരി, ഫ്ളോറിക്കൽ ഹിൽ റോഡ് ജംഗ്ഷനുകളിലെ ജെയ്ക്കയുടെ പ്രധാന പെെപ്പ് ലെെൻ റോഡിന്റെ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇവിടുത്തെ പൈപ്പ്‌ലൈൻ മാറ്റാൻ കഴിയാത്തതായിരുന്നു ഭാഗികമായി പൂർത്തിയാക്കിയ മേൽപ്പാതയുടെ നിർമാണം പൂർണമാക്കാൻ പ്രധാന തടസം. ഇതോടെ പ്രശ്നത്തിന് പരിഹാരമാകും.വേങ്ങേരി ഓവർപാസ് ജംക്‌ഷൻ മുതൽ വേദവ്യാസ അടിപ്പാത വരെയുള്ള 1,200 മീറ്ററിലാണ് പൈപ്പ് മാറ്റുന്നത്. 5 ദിവസം കൊണ്ട് എല്ലാ ജോലികളും പൂർത്തീകരിച്ച് ജലവിതരണം പുനസ്ഥാപിക്കാൻ കഴിയുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.
ബദൽ മാർഗം
ഗവ. മെഡിക്കൽ കോളജ് ആശുപത്രി, കളക്ടറേറ്റ്, കോട്ടപ്പറമ്പ് ആശുപത്രി എന്നിവിടങ്ങളിൽ വെള്ളം മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മാവൂർ കൂളിമാട് പമ്പ് ഹൗസിൽ നിന്നുള്ള ജലവിതരണം സാധാരണ പോലെ നടക്കുന്നതിനാൽ മെഡിക്കൽ കോളേജിൽ ബുദ്ധിമുട്ടുണ്ടാകില്ല. തൊണ്ടയാട്, പൊറ്റമ്മൽ, മലാപ്പറമ്പ് പ്രദേശങ്ങളിലും വെള്ളം എത്തും.13 സംഭരണികളിലായി 64 ലക്ഷം ലിറ്റർ വെള്ളം വാട്ടർ അതോറിറ്റി ശേഖരിച്ചിട്ടുണ്ട്. ടാങ്കറുകൾ എത്തിച്ചാൽ കടുത്ത ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്കും വെള്ളം അടിയന്തര ആവശ്യമുള്ള സ്ഥലങ്ങളിലേക്കും നിന്നു ലഭ്യമാക്കും. കളക്ടറേറ്റിൽ ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളമെത്തും. കോർപറേഷൻ പരിധിയിൽ വെള്ളമെത്തിക്കാൻ കൂടുതൽ വാഹനങ്ങളും സജ്ജമാക്കി. വലിയ വാഹനങ്ങൾ എത്താത്ത സ്ഥലങ്ങളിൽ ചെറിയ വാഹനങ്ങൾ വെള്ളമെത്തിക്കും. 15 ഓളം വാഹനങ്ങളാണുള്ളത്. കുടിവെള്ളം മുടങ്ങുന്നതിനാൽ ഓരോ ഓരോ വീട്ടുകാരും മുൻകരുതൽ എടുത്തിട്ടുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും കോർപറേഷൻ കുടിവെള്ള വിതരണത്തിന് കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മേയർ ബീന ഫിലിപ്പ് അറിയിച്ചു.
കുടിവെള്ളം മുടങ്ങുന്നത്
ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി.
കുടിവെള്ളം മുടങ്ങി നെട്ടോട്ടം
കോഴിക്കോട്: വേങ്ങേരി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നഗരത്തിൽ കുടിവെള്ളം മുടങ്ങിയത് സിവിൽ സ്റ്രേഷനിലെ ജീവനക്കാരെ വലച്ചു. ഉച്ചയോടെയാണ് വെള്ളം നിലച്ചത്. ഇതോടെ രണ്ടായിരത്തിലേറെ വരുന്ന ജീവനക്കാർ ഉച്ചഭക്ഷണം കഴിച്ച് കൈകഴുകാനും പാത്രം കഴുകാനും കഴിയാതെ ബുദ്ധിമുട്ടി. ശുചിമുറികളിൽ വെള്ളം നിലച്ചതോടെ സ്ത്രീകൾ ദുരിതത്തിലായി. ജീവനക്കാർ കുപ്പി വെള്ളം വാങ്ങിയാണ് ആവശ്യങ്ങൾ നിറവേറ്റിയത്. ചില ഓഫീസുകൾ പുറമേ നിന്നും 20 ലിറ്ററിന്റെ ക്യാൻ കുടിവെള്ളം വാങ്ങി പ്രശ്നത്തിന് താത്കാലിക പരിഹാരം കണ്ടു.
സിവിൽ സ്റ്റേഷനിലും കളക്ടറേറ്റിലും ജീവനക്കാരുടെ ആവശ്യത്തിന് ടാങ്കർ ലോറി നൽകിയാൽ കുടിവെള്ളം നൽകാമെന്ന് ജല അതോറിറ്റി അറിയിച്ചിരുന്നു. എന്നാൽ ഉച്ചവരെ ഈ സംവിധാനം കളക്ടറേറ്റിൽ നടന്നില്ല.
ഇന്ന് മുതൽ ടാങ്കറുകളിൽ വെള്ളമെത്തിക്കുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേ സമയം വാട്ടർ അതോറിറ്റിയുടെ മാവൂർ കൂളിമാട് പമ്പ് ഹൗസിൽ നിന്നുള്ള പൈപ്പ് ലെെൻ പൊട്ടിയത് പരിസര പ്രദേശങ്ങളിലെ ശുദ്ധജലവിതരണത്തെ ബാധിച്ചു. കുറ്റിക്കാട്ടൂരിൽ നിന്നുള്ള കുടിവെള്ള വിതരണം സാധാരണ നിലയിൽ നടന്നതിനാൽ മെഡി. കോളേജിൽ കുടിവെള്ള പ്രശ്നങ്ങളുണ്ടായില്ല.